‘ഹലോ, കേട്ടതു ശരിയാണ്, ഞാനാണ് വൈസ് ക്യാപ്റ്റൻ’: രാഹുലിന് ഉപനായക സ്ഥാനവുമില്ല, ഡുപ്ലേസി ഡൽഹി വൈസ് ക്യാപ്റ്റൻ!

Mail This Article
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനായിരുന്ന നാൽപതുകാരൻ ഫാഫ് ഈ സീസണിലാണ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ഡൽഹി ടീമിൽ എത്തിയത്.
ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് ടീം ക്യാപ്റ്റൻ. ടീമിന്റെ നായകനാകുമെന്ന് കരുതപ്പെട്ടിരുന്ന കെ.എൽ. രാഹുലിന് ഉപനായക സ്ഥാനവും നിഷേധിച്ചാണ് ഫാഫ് ഡുപ്ലേസിയെ ടീം മാനേജ്മെന്റ് ഉപനയകനായി നിയോഗിച്ചത്. അക്ഷർ പട്ടേലിനെ നായകനായി പ്രഖ്യാപിച്ചതോടെ, രാഹുൽ വൈസ് ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോ ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ടീമിന്റെ ഹോം ഗ്രൗണ്ടായ ഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലൂടെ ഡുപ്ലേസി ഫോൺ വിളിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
‘‘ഹലോ. എനിക്കു സുഖം. എങ്ങനെയുണ്ട്? ഞാൻ വീട്ടിലാണ്. വേറെ എവിടെപ്പോകാൻ? ആം, കേട്ടതു ശരിയാണ്. ഞാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റൻ. ഇക്കാര്യത്തിൽ അൽപം ആവേശത്തിലാണ്. ഡൽഹി മികച്ച ടീമാണ്, ടീമംഗങ്ങളും കൊള്ളാം. വളരെ സന്തോഷം’ – വിഡിയോയിൽ ഡുപ്ലേസിയുടെ വാക്കുകൾ.