ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2025 സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി. ശ്രീലങ്കൻ യുവപേസർ മതീഷ പതിരാനയെ ധോണി ‘ഹെലികോപ്റ്റർ ഷോട്ടിൽ’ സിക്സർ പറത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നോൺ സ്ട്രൈക്കറായി മറുവശത്തു നിൽക്കുകയായിരുന്ന ആർ. അശ്വിൻ ധോണിയുടെ സിക്സർ നോക്കിനിൽക്കുന്നതും, പിന്നീട് സൂപ്പർ താരത്തെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മികച്ച ഫോമിൽ പന്തെറിയുന്ന 22 വയസ്സുകാരനായ പതിരാനയെ 43 വയസ്സുകാരൻ ധോണി സിക്സർ തൂക്കുന്ന ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 2020 ൽ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച സൂപ്പർ താരം ഐപിഎല്ലിന്റെ പുതിയ സീസണിലും അടിച്ചുതകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈ  സൂപ്പർ കിങ്സ് ക്യാംപിനകത്തെ മത്സരത്തിനിടെയാണ് പതിരാനയുടെ യോർക്കർ ധോണി ബൗണ്ടറി കടത്തിയത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവനിൽ ഫിനിഷർ റോളിൽ തന്നെ ഇറങ്ങും. പതിവു പോലെ ധോണി തന്നെയായിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ.

ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ദിവസവും രണ്ടും മൂന്നും മണിക്കൂർ ധോണി ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്. ഐപിഎൽ സീസണിനു വേണ്ടി ജിമ്മിലും മണിക്കൂറുകളോളം പരിശീലിക്കുന്നുണ്ട്. നേരത്തേ തന്നെ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്ന ധോണിയാണ് ഒടുവിലായി ഗ്രൗണ്ടിൽനിന്നു മടങ്ങുന്നതെന്നു മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

‘‘ചെന്നൈയിൽ ധോണി 2–3 മണിക്കൂറുകൾ ബാറ്റു ചെയ്യുന്നുണ്ട്. ഇത്രയും പ്രായമായിട്ടും ഗ്രൗണ്ടിൽ ആദ്യമെത്തുക ധോണിയാണ്. പരിശീലനം പൂർത്തിയാക്കി അവസാനം മടങ്ങുന്നതും ധോണിയായിരിക്കും. അതാണ് പരിശീലനത്തിൽ അദ്ദേഹത്തിന്റെ വ്യത്യാസം.’’– ഹർഭജന്‍ പ്രതികരിച്ചു. മാർച്ച് 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം.

English Summary:

MS Dhoni's Perfect Reply To Matheesha Pathirana's Yorker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com