വിഘ്നേഷ് പുത്തൂരിനു ശേഷം പുതിയ ‘വിസ്മയ’വുമായി മുംബൈ ഇന്ത്യൻസ്; അരങ്ങേറ്റത്തിൽ 4 വിക്കറ്റുമായി 23കാരൻ വിജയശിൽപി– വിഡിയോ

Mail This Article
മുംബൈ∙ വാങ്കഡെയിലെ സ്വന്തം ആരാധകർക്കു മുന്നിൽ സീസണിലെ ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് കയറുമ്പോൾ, കരുത്തുറ്റ കൊൽക്കത്ത ബാറ്റിങ് നിരയെ വീഴ്ത്താൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് അരങ്ങേറ്റ താരം അശ്വനി കുമാറിന്റെ സ്പെൽ. 3 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അശ്വനി 4 വിക്കറ്റ് നേടിയത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഫിനിഷർമാരായ റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരെയാണ് അശ്വനി വീഴ്ത്തിയത്. ഇതിൽ മനീഷും റസലും ഇടംകൈ പേസറുടെ പന്തിൽ ക്ലീൻ ബോൾഡായി.
ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അശ്വനി, ഇന്നലെ പേസർ സത്യനാരായണ രാജുവിനു പകരമാണ് ടീമിലെത്തിയത്. ബൗൺസറുകളും വിക്കറ്റ് ലൈനിലുള്ള ലെങ്ത് ബോളുകളും സമംചേർത്ത് ബാറ്റർമാരെ കുഴക്കിയാണ് പഞ്ചാബിലെ മൊഹാലിയിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ താരം തന്റെ 4 വിക്കറ്റും സ്വന്തമാക്കിയത്.
അരങ്ങേറ്റത്തിലെ ആദ്യ പന്തിൽത്തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെയുടെ വിക്കറ്റെടുത്ത് സ്വപ്നതുല്യമായ തുടക്കമായിരുന്നു അശ്വനി കുമാറിന്റേത്. ഏഴു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസുമായി ആക്രമണം മുംബൈ ക്യാംപിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് രഹാനെ മടങ്ങിയത്. തിലക് വർമ ക്യാച്ചെടുത്തു.
ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം അശ്വനി കുമാർ രണ്ടാം വിക്കറ്റിന് തൊട്ടരികെ എത്തിയെങ്കിലും വെങ്കടേഷ് അയ്യർ നൽകിയ അവസരം മിച്ചൽ സാന്റ്നർ ബാക്ക്‌വാഡ് പോയിന്റിൽ വിട്ടുകളഞ്ഞത് തിരിച്ചടിയായി. തൊട്ടടുത്ത ഓവറിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വെങ്കടേഷ് അയ്യർ തന്നെ നൽകിയ അവസരം അശ്വനി കുമാറും വിട്ടുകളഞ്ഞു.
പിന്നീടാണ് റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസ്സൽ എന്നിവരെയും പുറത്താക്കി അശ്വനി കുമാർ നാലു വിക്കറ്റ് തികച്ചത്. ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച നാലാമത്തെ ബോളിങ് പ്രകടനം കൂടിയാണ് അശ്വനി കുമാറിന്റേത്.