മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട രോഹിത്തുമായി നിത അംബാനിയുടെ ‘സീരിയസ് ചർച്ച’; താരം പുറത്തേക്ക്? – വിഡിയോ

Mail This Article
മുംബൈ ∙ തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട വെറ്ററൻ താരം രോഹിത് ശർമ മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽനിന്ന് പുറത്തേക്ക്? കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ ടീം ഉടമ നിത അംബാനി ഗ്രൗണ്ടിൽവച്ച് രോഹിത്തുമായി ‘സഗൗരവം’ ചർച്ച നടത്തിയതോടെയാണ് ഇത്തരമൊരു അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രോഹിത്തിന്റെ ഫോമും ടീമിൽ അദ്ദേഹത്തിന്റെ ഭാവിയുമാണ് ഇരുവരും ഗൗരവത്തോടെ ചർച്ച ചെയ്തത് എന്നാണ് ആരാധക വിലയിരുത്തൽ.
തുടർച്ചയായ മൂന്നാം മത്സരത്തിലും രോഹിത് ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും, ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റു നേടിയ അശ്വനി കുമാറിന്റെ ബലത്തിൽ മുംബൈ സീസണിൽ ആദ്യ ജയം കുറിച്ചിരുന്നു. കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനാണ് മുംബൈ മറികടന്നത്. അരങ്ങേറ്റ മത്സരം 4 വിക്കറ്റുമായി ആഘോഷിച്ച അശ്വനി കുമാർ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽനിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശർമയുടെ സ്കോറുകൾ. മൂന്നു കളികളിൽനിന്ന് ആകെ നേടാനായത് 21 റൺസ് മാത്രം. ഇതിൽ ആദ്യത്തെ രണ്ടു കളികൾ ടീം തോൽക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ഐപിഎൽ സീസണുകൾ പരിഗണിച്ചാലും രോഹിത് 400 റൺസിനു മുകളിൽ സ്കോർ ചെയ്തത് ഒരേയൊരു സീസണിൽ മാത്രമാണ്.
തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ, രോഹിത് ശർമ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമിൽ തുടരുന്നതെന്നും അല്ലെങ്കിൽ എപ്പോഴേ പുറത്താകുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിന്റെ മുൻ താരവും കമന്റേറ്ററുമായ മൈക്കൽ വോൺ രംഗത്തെത്തിയിരുന്നു.
‘‘രോഹിത് ശർമ സ്കോർ ചെയ്ത റൺസ് നോക്കൂ. രോഹിത് ശർമയുടെ ബാറ്റിങ് അടിസ്ഥാനമാക്കി മാത്രമേ ഈ ഘട്ടത്തിൽ അദ്ദേഹത്തെ വിലയിരുത്താനാകൂ. കാരണം അദ്ദേഹം ഇപ്പോൾ ടീമിന്റെ ക്യാപ്റ്റനല്ല. രോഹിത്തിന്റെ പ്രകടനം ശരാശരി മാത്രമായി ഒതുങ്ങുകയാണ്. രോഹിത് ശർമ എന്ന പേരുകൂടി ഇല്ലായിരുന്നെങ്കിൽ എന്നേ ടീമിനു പുറത്തുപോകേണ്ട പ്രകടനമാണ് അദ്ദേഹത്തിന്റേത്. രോഹിത് ശർമയേപ്പോലൊരു താരത്തിൽനിന്ന് ഉണ്ടാകേണ്ട പ്രകടനമല്ല ഇതുവരെ സംഭവിച്ചിരിക്കുന്നത്’ – മൈക്കൽ വോൺ പറഞ്ഞു.