ADVERTISEMENT

മുംബൈ∙ യശസ്വി ജയ്‌‍സ്വാൾ മുംബൈ വിട്ട് ഗോവയിലേക്കു കൂടുമാറാൻ കാരണം ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന റിപ്പോർട്ടുകൾക്കിടെ, ദുലീപ് ട്രോഫി മത്സരത്തിനിടെ താരത്തെ ഗ്രൗണ്ടിൽനിന്ന് പറഞ്ഞുവിടാനുള്ള കാരണം വിശദീകരിക്കുന്ന രഹാനെയുടെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംഭവം വിശദീകരിക്കുന്ന ഭാഗങ്ങളാണ് വലിയ തോതിൽ പ്രചരിക്കുന്നത്. അന്ന് ജയ്സ്വാളിനെ പുറത്താക്കിയിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് 4 കളികളിൽനിന്ന് വിലക്കു ലഭിക്കുമായിരുന്നുവെന്നാണ് രഹാനെ വിശദീകരിക്കുന്നത്.

‘സത്യമാണ്. അവന് എന്നോട് വിഷമം തോന്നിക്കാണും. പക്ഷേ, നമ്മുടെ കളത്തിലെ പെരുമാറ്റം ശരിയായ രീതിയിലായിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എതിർ ടീമംഗങ്ങളെയും അംപയറിനെയുമെല്ലാം ബഹുമാനിച്ച് അച്ചടക്കത്തോടെ കളിക്കാനാകണം. നമ്മൾ മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്. പക്ഷേ, പരിധി വിടാൻ പാടില്ല. ആ സംഭവത്തിൽ ജയ്‌സ്വാൾ അറിയാതെ തന്നെ പരിധിവിട്ടിരുന്നു. അന്ന് ഞാൻ ജയ്‌സ്വാളിനെ ഗ്രൗണ്ടിൽനിന്ന് നിർബന്ധപൂർവം പറഞ്ഞയിച്ചിരുന്നില്ലെങ്കിൽ, ജയ്സ്വാളിന് അടുത്ത മത്സരത്തിൽനിന്ന് ഉറപ്പായും വിലക്ക് ലഭിക്കുമായിരുന്നു’ – രഹാനെയുടെ വാക്കുകൾ.

‘‘ആ സമയത്തെ തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ജയ്‌സ്വാളിനെ ഗ്രൗണ്ടിനു പുറത്താക്കിയത്. ജയ്‌സ്വാളിന് നാലു മത്സരങ്ങളിൽനിന്ന് വിലക്ക് നൽകാനിരിക്കുകയായിരുന്നുവെന്ന് മാച്ച് റഫറി പിന്നീട് കണ്ടപ്പോൾ എന്നോടു പറഞ്ഞു. സത്യത്തിൽ ജയ്‌സ്വാളിനെ ഞാൻ കയറ്റിവിടുമെന്ന് മാച്ച് റഫറി പോലും പ്രതീക്ഷിച്ചില്ല. എന്തായാലും അതുകൊണ്ടു മാത്രം അദ്ദേഹം വിലക്ക് തീരുമാനം വേണ്ടെന്നുവച്ചു. പകരം മാച്ച് ഫീയുടെ 15–20 ശതമാനം പിഴചുമത്തി ശിക്ഷ ചുരുക്കി. ജയ്‌സ്വാൾ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കുകയും ചെയ്തു.’ – രഹാനെ പറഞ്ഞു.

മുംബൈ ടീമിന്റെ നായകനായ അജിൻക്യ രഹാനെയുമായുള്ള ജയ്‌സ്വാളിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും ഇതാണ് പ്രധാനമായും താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2022ലെ ദുലീപ് ട്രോഫി മത്സരത്തിനിടെ എതിർ ടീമംഗത്തെ തുടർച്ചയായി സ്ലെജ് ചെയ്ത ജയ്‌സ്വാളിനെ, അന്ന് വെസ്റ്റ് സോണിന്റെ നായകനായിരുന്ന രഹാനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കിയതോടെയാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതെന്നും സൂചനയുണ്ടായിരുന്നു.

ആ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായി ജയ്‌സ്വാൾ തിളങ്ങിയിരുന്നു. 323 പന്തുകൾ നേരിട്ട ജയ‌്സ്വാൾ 30 ഫോറും നാലു സിക്സും സഹിതം 265 റൺസാണ് ആ മത്സരത്തിൽ നേടിയത്. കളത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങിയെങ്കിലും, മത്സരത്തിന്റെ അവസാന ദിനം സൗത്ത് സോണിന്റെ രവി തേജയുമായി ജയ്‌സ്വാൾ തുടർച്ചയായി ഉരസിയതാണ്, താരത്തെ പുറത്താക്കാൻ രഹാനെയെ പ്രേരിപ്പിച്ചത്.

രവി തേജയ്ക്കെതിരായ ജയ്സ്വാളിന്റെ സ്ലെജിങ് പരിധി വിട്ടതോടെ നായകനായ രഹാനെ ഇടപെട്ട് അടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, താരം തുടർന്നും സ്ലെജിങ്ങിന് മുതിർന്നതോടെയാണ് ഗ്രൗണ്ടിൽനിന്ന് പോകാൻ രഹാനെ നിർദ്ദേശിച്ചത്.

English Summary:

Jaiswal's Goa Move: Rahane's Duleep Trophy Intervention and Sledging Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com