ADVERTISEMENT

മുംബൈ∙ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിനിടെ തിലക് വർമയെ ‘റിട്ടയേ‍ഡ് ഔട്ടായി’ ഗ്രൗണ്ടിൽനിന്നു പറഞ്ഞുവിട്ടതിൽ വിശദീകരണവുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. തിലക് വര്‍മയ്ക്കു പരുക്കുള്ളതു കൊണ്ടാണ് അങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹത്തിനു ഗ്രൗണ്ട് വിടേണ്ടിവന്നതെന്ന് പാണ്ഡ്യ വ്യക്തമാക്കി. തിലക് വർമയെ റിട്ടയേർഡ് ഔട്ടാക്കിയതിനെ വിമർശിക്കുന്നത് സാഹചര്യം മനസ്സിലാക്കാത്തവരാണെന്ന് ഹാർദിക് പാണ്ഡ്യ വിമർശിച്ചു. 

‘‘ആളുകൾ ഇതേക്കുറിച്ച് ഒരുപാടു കഥകൾ മെനഞ്ഞു. പക്ഷേ, സത്യം അവർക്ക് അറിയില്ല. ആ മത്സരത്തിന്റെ തലേന്ന് തിലക് വർമയുടെ വിരലിന് പന്തുകൊണ്ട് ചെറിയ പരുക്കേറ്റിരുന്നു. ആ ഘട്ടത്തിൽ അത്തരമൊരു തീരുമാനം അനിവാര്യമായിരുന്നു. പുതിയൊരാൾ ക്രീസിലെത്തിയാൽ വ്യത്യാസം ഉണ്ടാകുമെന്ന് പരിശീലകൻ ചിന്തിച്ചിട്ടുണ്ടാകും’’– ആർസിബിക്കെതിരായ മത്സരത്തിനു ശേഷം പാണ്ഡ്യ പറഞ്ഞു.

മുംബൈ ഇന്നിങ്സിന്റെ 19–ാം ഓവറിലെ 5–ാം പന്തിൽ തിലക് വർമ (23 പന്തിൽ 25) സ്വമേധയാ ഔട്ടായി (റിട്ടയേഡ് ഔട്ട്) ഡ്രസിങ് റൂമിലേക്കു മടങ്ങിയതു വൻ വിവാദമായിരുന്നു മുംബൈയുടെ വിജയ സാധ്യതകൾ ഇല്ലാതാക്കിക്കൊണ്ടായിരുന്നു തിലക് വർമയുടെ മടക്കം. പരുക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത ഒരു ബാറ്റർക്ക് ഇന്നിങ്സിന്റെ പാതിവഴിയിൽ വച്ച് റിട്ടയേഡ് ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങാം. എന്നാൽ മത്സരത്തിൽ പിന്നീട് അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിക്കില്ല.

‍തങ്ങൾക്ക് ബൗണ്ടറികൾ ആവശ്യമായ സാഹചര്യമായിരുന്നെന്നും എന്നാൽ തിലകിന് താളം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ റിട്ടയേഡ് ഔട്ടാകാൻ തീരുമാനിക്കുകയായിരുന്നെന്നും മത്സരശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നു. മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്.

English Summary:

Hardik Pandya Reveals Real Reason Behind Retiring Out Tilak Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com