നാല് മത്സരങ്ങളിൽ ഒരു വിക്കറ്റ്, ഇക്കോണമി 10നു മുകളിൽ; അഫ്ഗാൻ താരം റാഷിദ് ഖാന് ഐപിഎലിൽ എന്താണു സംഭവിക്കുന്നത്?

Mail This Article
കെമിസ്ട്രിയിൽ, രാസപ്രവർത്തനം വേഗത്തിലാക്കാൻ ചേർക്കുന്ന പദാർഥമാണു കാറ്റലിസ്റ്റ്. ക്രിക്കറ്റിൽ ടീമിന്റെ ‘വിജയ കെമിസ്ട്രി’ വേഗത്തിലാക്കാൻ കഴിവുള്ള കാറ്റലിസ്റ്റായിരുന്നു അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. രാജ്യാന്തര, ഫ്രാഞ്ചൈസി ക്രിക്കറ്റ് വ്യത്യാസമില്ലാതെ, ഫോർമാറ്റുകളുടെയോ പിച്ചുകളുടെയോ സമ്മർദമില്ലാതെ, കളിക്കുന്ന ടീമുകളെയെല്ലാം തന്റെ സ്പിൻ മാജിക്കിലൂടെ വിജയത്തിലെത്തിക്കുന്ന റാഷിദ് ഖാൻ പക്ഷേ, ഇത്തവണത്തെ ഐപിഎലിൽ സ്വന്തം ടീമിനു ചെയ്യുന്നത് വിപരീത ഗുണമാണ്.
ഈ സീസണിലെ ആദ്യ 4 മത്സരങ്ങളിൽനിന്ന് ആകെ നേടിയത് ഒരേയൊരു വിക്കറ്റ്. ഓരോ മത്സരത്തിലും വിട്ടുകൊടുക്കുന്നത് ശരാശരി നാൽപതിലേറെ റൺസ്. 26 വയസ്സിനുള്ളിൽ ട്വന്റി20 ക്രിക്കറ്റിലെ ഇതിഹാസതാരമായി മാറിക്കഴിഞ്ഞ മിസ്റ്ററി ലെഗ് സ്പിന്നർക്ക് പക്ഷേ, ഇപ്പോൾ എന്താണു സംഭവിക്കുന്നത്?
∙ വിക്കറ്റിൽ വീഴ്ച
2017 മുതൽ 2023 വരെയുള്ള ഐപിഎൽ സീസണുകളിൽ റാഷിദിന്റെ ശരാശരി വിക്കറ്റ് നേട്ടം 1.30 ആയിരുന്നു. അതായത് എല്ലാ മത്സരത്തിലും കുറഞ്ഞത് ഒരു വിക്കറ്റ് എങ്കിലും എന്ന സ്ഥിതി. എന്നാൽ 2024ൽ ഇത് 0.73 ആയി കുറഞ്ഞു. ഏറക്കുറെ 2 മത്സരത്തിൽ ഒരു വിക്കറ്റ്.
ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായുള്ള പ്രകടനം പരിശോധിച്ചാൽ ശരാശരി .25ൽ എത്തിനിൽക്കുന്നു. മുൻ സീസണുകളെക്കാൾ അഞ്ചിലൊന്നു കുറവ്. ഐപിഎലിൽ ചരിത്രത്തിൽ ആദ്യമായി തന്റെ 4 ഓവർ ക്വോട്ട പൂർത്തിയാക്കാതെ റാഷിദ് ഗ്രൗണ്ട് വിട്ടതും ഈ സീസണിലാണ്.
∙ ഇക്കോണമി താഴ്ച
ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് ആദ്യ 7 സീസണുകളിലും തന്റെ ഇക്കോണമി റേറ്റ് (ഒരു ഓവറിൽ വിട്ടുനൽകുന്ന ശരാശരി റൺസ്) 7ൽ താഴെ പിടിച്ചുനിർത്താൻ റാഷിദിനു സാധിച്ചിരുന്നു. ഇതിൽ 2020ൽ റാഷിദിന്റെ ഐപിഎൽ ഇക്കോണമി 6ലും താഴെയായിരുന്നു.
വന്റി20 ക്രിക്കറ്റിൽ ബോളർമാർ തങ്ങളുടെ ഇക്കോണമി 10ൽ താഴെ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോഴാണ് 7ൽ താഴെ ഇക്കോണമിയുമായി റാഷിദ് സഹതാരങ്ങളെയും ടീമുകളെയും ഞെട്ടിച്ചത്. എന്നാൽ 2023ലും 2024ലും റാഷിദിന്റെ ഇക്കോണമി 8നു മുകളിലെത്തി. ഈ സീസണിൽ 10നു മുകളിലായി.
∙ പിടിതരാത്ത പിച്ചുകൾ
ഐപിഎലിൽ ഓരോ സീസൺ കഴിയും തോറും പിച്ചുകൾ ബാറ്റർമാർക്ക് അനുകൂലമാവുകയാണ്. റാഷിദിന്റെ വീഴ്ചയ്ക്ക് ഒരു കാരണം പിച്ചുകളിലെ ഈ മാറ്റമാണ്. മണിക്കൂറിൽ 95 കിലോമീറ്ററാണ് റാഷിദിന്റെ ശരാശരി ബോളിങ് വേഗം.
ഇത്രയും വേഗത്തിൽ പന്തുകൾ ടേൺ ചെയ്യിക്കാൻ കഴിയുന്നതായിരുന്നു റാഷിദിനെ അപകടകാരിയാക്കിയത്. എന്നാൽ പിച്ചുകളുടെ സ്വഭാവം മാറിയതോടെ പന്തിനു പഴയ ടേൺ ലഭിക്കാതെയായി. വേഗക്കൂടുതലുള്ള പന്തുകൾ ബാറ്റർമാർക്ക് എളുപ്പം കളിക്കാനും സാധിച്ചു.
∙ ശസ്ത്രക്രിയ തിരിച്ചടി
പുറംവേദനയെ തുടർന്ന് കഴിഞ്ഞ വർഷം റാഷിദ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നാലെ റാഷിദ് തന്റെ ബോളിങ് ആക്‌ഷനിൽ ചെറിയ മാറ്റം വരുത്തി.
ഇതോടെ റാഷിദിന്റെ ഗൂഗ്ലി, ലെഗ് സ്പിൻ പന്തുകൾ ബാറ്റർമാർ റിലീസിങ് പോയിന്റിൽ നിന്നു തന്നെ തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് ഷോട്ടുകൾ കളിക്കാൻ തുടങ്ങി. ശസ്ത്രക്രിയയ്ക്കു ശേഷം റാഷിദിന്റെ റണ്ണപ്പിനും ബോളിങ്ങിനും പഴയ താളം നഷ്ടപ്പെട്ടു.
∙ റാഷിദ് ഖാൻ @ഐപിഎൽ
വർഷം, മത്സരം, വിക്കറ്റ്, മികച്ച പ്രകടനം, ശരാശരി, ഇക്കോണമി, സ്ട്രൈക്ക് റേറ്റ്
2017 14 17 3/19 21.06 6.63 19.06
2018 17 21 3/19 21.81 6.74 19.43
2019 15 17 3/21 22.18 6.28 21.18
2020 16 20 3/7 17.20 5.38 19.20
2021 14 18 3/36 20.83 6.70 18.67
2022 16 19 4/24 22.16 6.60 20.16
2023 17 27 4/30 20.44 8.24 14.89
2024 12 10 2/38 36.70 8.40 26.20
*2025 4 1 1/48 143 10.21 84