ക്രിക്കറ്റ് നിങ്ങളെ കരയിക്കും, പൃഥ്വി ഷായുടെ അവസ്ഥ വരും: ജയ്സ്വാളിനു മുന്നറിയിപ്പുമായി പാക്ക് താരം

Mail This Article
ലഹോർ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിനു മുന്നറിയിപ്പുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ബാസിത് അലി. ക്രിക്കറ്റിൽ ശ്രദ്ധിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനും പൃഥ്വി ഷായുടെ അവസ്ഥ തന്നെയാകുമെന്ന് ബാസിത് അലി യുട്യൂബ് ചാനലില്‍ പ്രതികരിച്ചു. ഐപിഎലിൽ രാജസ്ഥാന്‍ റോയൽസിനായി ജയ്സ്വാൾ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നതിനിടെയാണ് ബാസിത് അലിയുടെ വിമര്‍ശനം. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരത്തിൽ ഏഴു പന്തുകൾ നേരിട്ട ജയ്സ്വാൾ ആറു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു.
‘‘ജയ്സ്വാളിന് ആവശ്യമുള്ളതെല്ലാം ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ക്രിക്കറ്റിൽ അല്ല. ക്രിക്കറ്റ് നിങ്ങളെ ഒരുപാടു കരയിക്കും. പൃഥ്വി ഷായുടെ അവസ്ഥ നോക്കുക. ക്രിക്കറ്റിനെ സ്നേഹിച്ച്, അതിനെ പിന്തുടരുക.’’– ബാസിത് അലി പ്രതികരിച്ചു. 18 കോടി രൂപ നൽകിയാണ് മെഗാലേലത്തിനു മുൻപ് രാജസ്ഥാൻ റോയൽസ് യശസ്വി ജയ്സ്വാളിനെ നിലനിർത്തിയത്. രാജസ്ഥാൻ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മൂന്നു തവണ ജയ്സ്വാളിന് രണ്ടക്കം കടക്കാൻ സാധിക്കാതെ പുറത്തായി.
സീസണിലെ ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു റൺ മാത്രം നേടിയാണ് ജയ്സ്വാൾ ഔട്ടായത്. പഞ്ചാബ് കിങ്സിനെതിരെ അർധ സെഞ്ചറിയുമായി തിളങ്ങി. 45 പന്തുകൾ നേരിട്ട ജയ്സ്വാൾ 67 റൺസാണു മുല്ലൻപുരിൽ സ്വന്തമാക്കിയത്. അഞ്ച് സിക്സുകളും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ ജയ്സ്വാൾ ലോക്കി ഫെർഗൂസന്റെ പന്തിലാണു ബോൾഡായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓപ്പണറാകുമെന്നു പ്രതീക്ഷിച്ചിരുന്ന പൃഥ്വി ഷായെ ഐപിഎൽ മെഗാ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. കഴിഞ്ഞ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു പൃഥ്വി ഷാ.