ഒളിംപിക്സ് ക്രിക്കറ്റിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കില്ല, ആതിഥേയരുൾപ്പടെ ആറു ടീമുകൾ മാത്രം, വമ്പൻമാരടക്കം പുറത്താകും!

Mail This Article
ന്യൂഡൽഹി ∙ 128 വർഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ മടങ്ങിവരവിൽ മത്സരിക്കുന്നത് 6 ടീമുകൾ. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമാക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഗെയിംസ് സംഘാടകരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ 6 ടീമുകൾ വീതം പങ്കെടുക്കും.
ഓരോ ടീമിലും 15 പേരെ ഉൾപ്പെടുത്താം. ആതിഥേയരായ യുഎസിനൊപ്പം ഐസിസി റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് ഒളിംപിക്സ് എൻട്രി ലഭിക്കാനാണ് സാധ്യത. 1900ലെ പാരിസ് ഒളിംപിക്സിലാണ് ഇതിനു മുൻപ് ക്രിക്കറ്റ് മത്സരയിനമായിരുന്നത്. ക്രിക്കറ്റ് ഉൾപ്പെടെ 5 പുതിയ മത്സരയിനങ്ങളാണ് ലൊസാഞ്ചലസ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്.
നിലവിലെ റാങ്കിങ് പ്രകാരം ഇന്ത്യയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ് ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ. ലക്രോസ് (സിക്‌സസ്), സ്ക്വാഷ്, ബേസ്ബോൾ– സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, എന്നിവയാണ് മറ്റ് ഇനങ്ങൾ. ആകെ 351 മെഡൽ ഇനങ്ങളാണ് 2028 ഒളിംപിക്സിലുള്ളത്.