ഋഷഭ് പന്തിന് 27 കോടി; ഒരു പന്തിന് അരക്കോടി! 43 വയസ്സായിട്ടും ധോണി ചെന്നൈ വിടാത്തതിന് ഒരു കാരണം മാത്രം

Mail This Article
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇത്തവണത്തെ ഐപിഎലിലെ വിലകൂടിയ താരം. 27 കോടി രൂപയ്ക്കാണ് താരലേലത്തിൽ പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീം സ്വന്തമാക്കിയത്. എന്നാൽ ഋഷഭ് പന്തിന് മാത്രമല്ല ഐപിഎലിൽ എറിയുന്ന ഓരോ പന്തിനും അരക്കോടിയോളം മൂല്യമുണ്ട്. കണക്കൂട്ടലുകൾക്കും അപ്പുറമാണ് ഐപിഎൽ ക്രിക്കറ്റിലെ സാമ്പത്തിക ശാസ്ത്രം. 18 വർഷം മുൻപ് ബിസിസിഐയുടെ കച്ചവട ബുദ്ധിയിൽ ഉദിച്ച ഐപിഎൽ ഇന്ന് ലോകത്തെ ഏറ്റവും സംപ്രേഷണ മൂല്യമുള്ള ടൂർണമെന്റുകളിൽ രണ്ടാംസ്ഥാനത്താണ്. മുന്നിലുള്ളത് 104 വർഷം പഴക്കമുള്ള അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് മാത്രം.
ഓരോ മിനിറ്റിലും കോടികൾ ഒഴുകുന്ന ഐപിഎലിലെ വരുമാന വിസ്മയങ്ങളെക്കുറിച്ച്...
∙5 വർഷം, 48,390 കോടി
ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ 5 വർഷത്തെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം 2022ൽ റെക്കോർഡ് തുകയ്ക്ക് വിറ്റഴിച്ചതാണ് (48,390 കോടി) ഐപിഎലിന്റെ മൂല്യം കുത്തനെ ഉയരാൻ കാരണമായത്. ടെലിവിഷൻ സംപ്രേഷണ അവകാശം നേടിയെടുത്ത ഡിസ്നി സ്റ്റാറും ഡിജിറ്റൽ കരാർ നേടിയ വയാകോമും ചേർന്ന് ഒരു ഐപിഎൽ മത്സരത്തിന് വിലയിട്ടത് 118 കോടി രൂപ! ബ്രോഡ്കാസ്റ്റിങ് ഇനത്തിൽ ലഭിക്കുന്ന തുകയുടെ 50 ശതമാനം ബിസിസിഐയ്ക്ക് ലഭിക്കുമ്പോൾ 40 ശതമാനം 10 ടീമുകൾക്കായി വീതിച്ചു നൽകും. അവശേഷിക്കുന്ന 10 ശതമാനം ലീഗിൽ പ്ലേഓഫ് കളിക്കുന്ന 4 ടീമുകൾക്കാണ്.

∙ഐപിഎലിന്റെ ബ്രോഡ്കാസ്റ്റ് മൂല്യം
ഒരു മത്സരത്തിന്: 118 കോടി രൂപ
ഒരു ഓവറിന്: 2.95 കോടി
ഒരു പന്തിന്: 49 ലക്ഷം
∙ബ്രാൻഡ് ധോണി !
43–ാം വയസ്സിലും എം.എസ്.ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ പിടിച്ചുനിർത്തുന്നതിന് കാരണമെന്താണ്? ഉത്തരം ഒന്നേയുള്ളൂ ധോണിയുടെ താരമൂല്യത്തിലൂടെ ടീമിന് ലഭിക്കുന്ന ബ്രാൻഡ് വാല്യു. 2023 സീസണിൽ 384 കോടിയായിരുന്ന ചെന്നൈയുടെ വരുമാനം കഴിഞ്ഞ സീസണിൽ 676 കോടിയിലേക്ക് കുതിച്ചുയർന്നതിനു പിന്നിൽ ധോണി ഫാക്ടറെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം. 6,797 കോടി രൂപയാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ടീമുകളുടെ ആകെ വരുമാനം. ഓരോ ടീമിനും ശരാശരി 600–700 കോടി വീതം.
∙ടീമുകളുടെ വരുമാനം ഇങ്ങനെ...
∙ സെൻട്രൽ സ്പോൺസർഷിപ്, ബ്രോഡ്കാസ്റ്റ് റവന്യു എന്നിവയിലൂടെ ബിസിസിഐയിൽനിന്നു ലഭിക്കുന്ന തുകയാണ് ടീമുകളുടെ പ്രധാന വരുമാനമാർഗം. ഒരു സീസണിൽ ഏകദേശം 500 കോടി രൂപ.
∙ ടീം സ്പോൺസർഷിപ്പിലൂടെ ഓരോ സീസണിലും ലഭിക്കുന്നത് ഏകദേശം 100 കോടി രൂപ.
∙ ഐപിഎൽ ഹോം മത്സരങ്ങളിൽ ടിക്കറ്റ് വരുമാനത്തിന്റെ 80 ശതമാനവും അതത് ഫ്രാഞ്ചൈസികൾക്കാണ്. സീസണിൽ ഒരു ടീമിന് 7 ഹോം മത്സരങ്ങൾ വീതമുണ്ടാകും.
∙ ടീം ജഴ്സി, കീചെയ്ൻ, താരങ്ങളുടെ കയ്യൊപ്പുള്ള മത്സര ഉപകരണങ്ങൾ എന്നിവയുടെ വിൽപനയിലൂടെയും (മെർച്ചൻഡൈസ്) ഐപിഎൽ ടീമുകൾ വരുമാനം കണ്ടെത്തുന്നു.
പേരിന് പൊൻപണം
15 മുതൽ 32 വരെ ടീം സ്പോൺസർമാർ ഇത്തവണ ഓരോ ടീമുകൾക്കുമുണ്ട്. സ്പോൺസറുടെ പേര് പതിപ്പിച്ച ടീം ജഴ്സിയാണ് ടീമുകളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. ജഴ്സിയുടെ മുൻവശത്ത് ടൈറ്റിൽ സ്പോൺസറുടെ പേര് ഉൾപ്പെടുത്തുമ്പോൾ മുന്നിലും പിന്നിലും തോൾഭാഗത്തും ടീം ക്യാപ്പിലും പാന്റ്സിലുമൊക്കെയായി 6 മുതൽ 8 വരെ ബ്രാൻഡുകളുടെ പേരുകൾ ഇടംപിടിക്കുന്നുണ്ട്.
ടീം ജഴ്സി മുൻവശം: 35–45 കോടി രൂപ
ജഴ്സി പിൻവശം: 16 കോടി
ടീം ക്യാപ്: 2 കോടി
ജഴ്സിയുടെ തോൾഭാഗം: 4 കോടി
സെൻട്രൽ സ്പോൺസർഷിപ്
ഐപിഎലിന്റെ ടൈറ്റിൽ സ്പോൺസറായ ടാറ്റാ ഗ്രൂപ്പുമായി ഓരോ സീസണിലും 500 കോടി രൂപയുടേതാണ് ബിസിസിഐയുടെ കരാർ. സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഗ്രൗണ്ടിലെ കൂറ്റൻ സ്ക്രീനിൽ തെളിഞ്ഞുനിൽക്കുന്ന പരസ്യവും അംപയർമാരുടെ യൂണിഫോമിലെ ലോഗോയുമെല്ലാം കോടികളുടെ പരസ്യ വഴികളാണ്. സെൻട്രൽ സ്പോൺസർഷിപ് വരുമാനത്തിൻറെ 50% ബിസിസിഐ 10 ഫ്രാഞ്ചൈസി ടീമുകളുമായി പങ്കുവയ്ക്കും
ടൈറ്റിൽ സ്പോൺസർ: 500 കോടി രൂപ
അസോഷ്യേറ്റ് സ്പോൺസർമാർ (3): 282 കോടി
ടൈം ഔട്ട് സ്പോൺസർ: 48 കോടി
അംപയർ ജഴ്സി: 50 കോടി
പന്തിന് എത്ര കിട്ടും ?എപ്പോൾ കിട്ടും ?
27 കോടി രൂപയ്ക്ക് ലക്നൗ ടീം ലേലത്തിൽ സ്വന്തമാക്കിയെങ്കിലും ഋഷഭ് പന്തിന്റെ പോക്കറ്റിലേക്ക് അതു മുഴുവനുമെത്തില്ല. ഇതിന്റെ 10 ശതമാനം (2.7 കോടി രൂപ) പന്ത് നികുതിയായി അടയ്ക്കണം. പ്രതിഫലത്തുക സീസണിൽ പല ഗഡുക്കളായാണ് ടീമുകൾ നൽകാറുള്ളത്. സീസണിന് മുൻപ് 20 ശതമാനം, സീസണിനിടെ 60 ശതമാനം, സീസൺ അവസാനിക്കുമ്പോൾ 20 എന്നിങ്ങനെയാണ് തുക വിതരണം. ലേലത്തിലെ പ്രതിഫലത്തിന് പുറമേ ഐപിഎലിലെ ഓരോ മത്സരത്തിലും മാച്ച് ഫീയായി 7.5 ലക്ഷം രൂപ വീതം ലഭിക്കും.
