ക്രിക്കറ്റ് താരങ്ങൾ നഗ്ന ചിത്രങ്ങൾ അയക്കും, എന്റെ ചിത്രങ്ങൾ ചോദിക്കുന്നു: ആരോപണവുമായി അനായ ബംഗാർ

Mail This Article
മുംബൈ∙ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർത്തി മുന്‍ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഇവർ, അനായ ബംഗാർ എന്ന പേരു സ്വീകരിച്ചിരുന്നു. സഞ്ജയ് ബംഗാറിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. നിലവിൽ യുകെയിലാണ് അനായ താമസിക്കുന്നത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അനായ മനസ്സു തുറന്നത്. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്ന് അനായ തുറന്നടിച്ചു. ‘‘യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്ത്രക്രിയ നടത്തിയപ്പോൾ എന്നെ പിന്തുണച്ചവും അപമാനിച്ചവരുമുണ്ട്.’’
‘‘ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഒരു വെറ്ററൻ ക്രിക്കറ്റ് താരത്തോട് എന്റെ അവസ്ഥ വിശദീകരിച്ചപ്പോൾ കാറിൽ കയറാനാണ് എന്നോടു പറഞ്ഞത്. മോശം പെരുമാറ്റമായിരുന്നു.’’– അനായ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കു മുൻപ് ആര്യൻ എന്നായിരുന്നു അനായയുടെ പേര്. കരിയറിന്റെ തുടക്കകാലത്ത് ഇസ്‍ലാം ജിഖാന ക്ലബ്ബിനു വേണ്ടിയാണ് ആര്യൻ കളിച്ചിരുന്നത്. ലെസ്റ്റർഷെയറിലെ ഹിങ്‍ക്‌ലി ക്ലബ്ബിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.