ഒന്നാമത് ഐപിഎൽ തന്നെ, ബാക്കിയെല്ലാം അതിനു പിന്നിൽ: പാക്ക് മാധ്യമങ്ങൾക്ക് ഇംഗ്ലണ്ട് താരത്തിന്റെ മറുപടി

Mail This Article
ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാക്ക് മാധ്യമപ്രവർത്തകർക്കു തകർപ്പൻ മറുപടി നൽകി ലഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ഇംഗ്ലിഷ് താരം സാം ബില്ലിങ്സ്. ഐപിഎലും പാക്ക് സൂപ്പർ ലീഗും തമ്മിൽ താരതമ്യത്തിനു സാധ്യതയില്ലെന്നാണ് ബില്ലിങ്സിന്റെ നിലപാട്. തമാശയായി എന്തെങ്കിലും പറയുമെന്നാണോ കരുതുന്നതെന്നും ബില്ലിങ്സ് പാക്ക് മാധ്യമങ്ങളോടു ചോദിച്ചു.
‘‘ഞാൻ വെറുതെ എന്തെങ്കിലുമൊക്കെ പറയുമെന്നാണോ നിങ്ങൾ കരുതുന്നത്? ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നാണ് ഐപിഎൽ. ബാക്കിയെല്ലാം മത്സരങ്ങളും അതിനു പിന്നിലാകും. ഇംഗ്ലണ്ടിൽ ഞങ്ങൾ ചെയ്യുന്നതും പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ അതേ കാര്യമാണ്. ട്വന്റി20 യിലെ രണ്ടാമത്തെ മികച്ച ടൂർണമെന്റാകുകയാണ് എല്ലാവരുടേയും ലക്ഷ്യം. ഓസ്ട്രേലിയയിൽ ബിഗ് ബാഷ് ചെയ്യുന്നതും ഇതു തന്നെയാണ്.’’– സാം ബില്ലിങ്സ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ഇതാദ്യമായല്ല ഐപിഎലിന്റെ പേരിൽ വിദേശ താരങ്ങൾ പാക്ക് മാധ്യമങ്ങൾക്കെതിരെ തിരിയുന്നത്. ഐപിഎൽ വിട്ടതിന്റെ പേരിൽ ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്ന് ഒരു എതിർപ്പും തനിക്കു നേരെയുണ്ടായിട്ടില്ലെന്ന് ഡേവിഡ് വാർണർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. വാർണർക്കെതിരെ വിമർശനം കടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്ന് ഇതുവരെ കേട്ടിട്ടുപോലുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റൽസ് ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് സാം ബില്ലിങ്സ്.