ADVERTISEMENT

മസ്കത്ത്∙ ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയവുമായി കേരള ടീം. ഒമാൻ ചെയ‍ർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. ഒമാൻ ടീം ഉയ‍ർത്തിയ കൂറ്റൻ സ്കോ‍ർ മറികടന്നായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ 326 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. സെഞ്ചറിയടിച്ച രോഹൻ കുന്നുമ്മലിന്റെയും അ‍ർധ സെഞ്ചറികൾ നേടിയ സൽമാൻ നിസാറിന്റെയും ഷോൺ റോജറുടെയും ബാറ്റിങ് മികവാണ് കേരളത്തിന് വിജയമൊരുക്കിയത്.

ആദ്യം ബാറ്റു ചെയ്ത ഒമാൻ ടീമിന് ഓപ്പണർമാർ നല്‍കിയ മികച്ച തുടക്കമാണ് കൂറ്റൻ സ്കോ‍ർ സമ്മാനിച്ചത്. ജതീന്ദ‌ർ സിങ്ങും ആമി‍ർ കലീമും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 137 റൺസ് പിറന്നു. ജതീന്ദ‍ർ സിങ് 136 പന്തുകളിൽ 150ഉം ആമി‍ർ കലീം 68 പന്തുകളിൽ 73 റൺസും നേടി. എന്നാൽ ആമി‍ർ പുറത്തായതിന് ശേഷമെത്തിയ ഒമാൻ ബാറ്റ‍ർമാർക്ക് വലിയ സ്കോ‍ർ നേടാനായില്ല. ശക്തമായി തിരിച്ചു വന്ന കേരള ബൗളർമാർ ഒമാന്റെ സ്കോ‍ർ 326ൽ ഒതുക്കി. കേരളത്തിന് വേണ്ടി എം.ഡി. നിധീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാൽ അഹ്മദ് ഇമ്രാനും മുഹമ്മദ് അസ്ഹറുദ്ദീനും ഒരേ ഓവറിൽ പുറത്തായി. തുട‍ർന്ന് മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്ന് നേടിയ 146 റൺസാണ് കേരളത്തിന്റെ വിജയത്തിൽ നി‍ർണായകമായത്. തകർത്തടിച്ച ഇരുവരും ചേർന്ന് അനായാസം സ്കോ‍ർ മുന്നോട്ട് നീക്കി. രോഹൻ 109 പന്തുകളിൽ നിന്ന് 122 റൺസെടുത്തു. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. 

സൽമാൻ നിസാർ 87 റൺസെടുത്തു. രോഹന് ശേഷമെത്തിയ ഷോൺ റോജറുടെ പ്രകടനവും ശ്രദ്ധേയമായി. ഷോൺ 48 പന്തുകളിൽ നിന്ന് 56 റൺസെടുത്തു. ലക്ഷ്യത്തോട് അടുക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഒമാന് വേണ്ടി ഹുസൈൻ അലി ഷാ നാല് വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Kerala beat Oman in first ODI match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com