എന്റെ കഴിവുകളെ ഞാൻ സംശയിക്കാറില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം: രോഹിത് ശർമ

Mail This Article
മുംബൈ ∙ ക്രിക്കറ്റിൽ തുടർച്ചയായി ഫോം ഔട്ടാകുമ്പോൾ സ്വന്തം കഴിവിൽ സംശയിക്കുന്നതിനു പകരം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.
‘തുടർച്ചയായി പരാജയപ്പെടുമ്പോൾ നമ്മൾ സ്വയം സംശയിക്കാൻ തുടങ്ങും. അതോടെ അനാവശ്യമായി പലതിനും ശ്രമിച്ച് വീണ്ടും പരാജയപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നാണ് ഇത്രയും വർഷത്തെ അനുഭവം എന്നെ പഠിപ്പിച്ചത്. മനസ്സ് ശാന്തവും ചിന്തകൾ വ്യക്തവുമാകുമ്പോൾ എല്ലാം നന്നായി നടക്കുമെന്നാണ് എന്റെ അനുഭവം’– രോഹിത് പറഞ്ഞു.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 45 പന്തിൽ പുറത്താകാതെ 76 റൺസ് നേടിയാണ് രോഹിത് മുംബൈയുടെ വിജയം ഉറപ്പിച്ചത്. സീസണിൽ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചറിയായിരുന്നു ഇത്.