ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ അനായ ബംഗാർ ഇന്ത്യൻ താരം സർഫറാസ് ഖാനൊപ്പം; ദൃശ്യങ്ങൾ വൈറൽ– വിഡിയോ

Mail This Article
മുംബൈ∙ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംപിടിച്ച അനായ ബംഗാറും ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടർന്ന് അനായ ബംഗാർ എന്ന പേരു സ്വീകരിച്ച താരം, യുകെയിലാണ് താമസം. ഇതിനിടെയാണ് മുൻപ് സഹതാരം കൂടിയായിരുന്ന സർഫറാസ് ഖാനും കുടുംബത്തിനുമൊപ്പമുള്ള അനായയുടെ ചിത്രങ്ങൾ വൈറലായത്.
ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്ന സർഫറാസ് ഖാനും ആര്യൻ ബംഗാറും (അനായ ബംഗാർ). അന്നു തുടങ്ങിയ സൗഹൃദത്തിന്റെ തുടർച്ചയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ അനായ പങ്കുവച്ചത്. സർഫറാസ് ഖാനു പുറമേ പിതാവ് നൗഷാദ് ഖാനെയും, അനായ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം.
‘‘ഫോണിനും മുൻപേ ബാറ്റു പിടിച്ചവരാണ് ഞങ്ങൾ. ആരംഭം മുതലേ സുഹൃത്തുക്കൾ’ – ചിത്രങ്ങൾ പങ്കുവച്ച് അനായ കുറിച്ചു. ഇവർക്കൊപ്പമില്ലാത്ത ഇന്ത്യൻ താരം കൂടിയായ മുഷീർ ഖാന്റെ പേരും അനായ പോസ്റ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രിമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് മുഷീർ ഖാൻ. മുൻപ് ഐപിഎലിൽ ആർസിബിക്ക് കളിച്ചിട്ടുള്ള സർഫറാസ് ഖാനെ, ഇത്തവണ താരലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.
നിലവിൽ ഇംഗ്ലണ്ടിൽ ജീവിക്കുന്ന അനായ ബംഗാർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. 2024 ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിച്ചിരുന്നു.
