‘ആ 27 കോടി ടീമിന് തിരിച്ചു കൊടുക്കൂ’: സമദിനും ബദോനിക്കും ‘അവസരം’ നൽകി ഏഴാമനായി ബാറ്റിങ്ങിന്, പന്തിന്റെ ‘ത്യാഗം’– വിഡിയോ

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്തിന്, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു പിന്നാലെ രൂക്ഷ വിമർശനം. 27 കോടി രൂപ മുടക്കി ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്, ടീമിന്റെ നായകസ്ഥാനവും കൈമാറിയിരുന്നു. എന്നാൽ, ലഭിച്ച കോടികളോട് നീതിപുലർത്താൻ പന്തിന് സാധിക്കുന്നില്ലെന്നാണ് വിമർശനം. മാത്രമല്ല, ഡൽഹിക്കെതിരായ മത്സരത്തിൽ റൺനിരക്ക് കുത്തനെ ഇടിഞ്ഞിട്ടും ബാറ്റിങ്ങിന് ഇറങ്ങാതെ ‘ഒളിച്ചിരുന്ന’ പന്തിന്റെ ശൈലിയും ചോദ്യം ചെയ്യപ്പെടുന്നു.
മത്സരത്തിൽ ഏഴാമനായി ഇറങ്ങിയ പന്ത്, ലക്നൗ ഇന്നിങ്സിലെ അവസാന രണ്ടു പന്തുകൾ നേരിട്ട് പൂജ്യത്തിന് പുറത്തായി. 20–ാം ഓവറിലെ അഞ്ചാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ പന്ത്, അടുത്ത പന്തിൽ ബൗൾഡായി. ഐപിഎൽ താരലേലത്തിൽ ലഭിച്ച 27 കോടി രൂപ ലക്നൗ സൂപ്പർ ജയന്റ്സിന് തിരികെനൽകണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് മികച്ച തുടക്കമാണ് മാർക്രം (33 പന്തിൽ 52)– മിച്ചൽ മാർഷ് (36 പന്തിൽ 45) ജോടി നൽകിയത്. കരുതലോടെ തുടങ്ങിയ ഇരുവരും ചേർന്ന് 10 ഓവറിൽ സ്കോർ 87ൽ എത്തിച്ചു. മാർക്രത്തെ പുറത്താക്കിയ ദുഷ്മന്ത ചമീരയാണ് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെയെത്തിയ നിക്കോളാസ് പുരാൻ (5 പന്തിൽ 9) നന്നായി തുടങ്ങിയെങ്കിലും മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ക്ലീൻ ബോൾഡായി.
11.2 ഓവറിൽ 2ന് 99 എന്ന നിലയിൽ കുതിച്ചുപാഞ്ഞ ലക്നൗ സ്കോറിങ് മന്ദഗതിയിലായത് നാലാം നമ്പറിൽ അബ്ദുൽ സമദ് എത്തിയ ശേഷമാണ്. തന്റെ ബാറ്റിങ് പൊസിഷനായ നാലാം നമ്പർ സമദിനു വേണ്ടി ക്യാപ്റ്റൻ ഋഷഭ് പന്ത് വിട്ടുനൽകുകയായിരുന്നു. എന്നാൽ ക്രീസിലെത്തിയ സമദിന് നിലയുറപ്പിക്കാനായില്ല. 8 പന്ത് നേരിട്ട താരം 2 റൺസ് മാത്രമെടുത്തു മടങ്ങി.
അതേ ഓവറിൽ മാർഷിനെയും പുറത്താക്കിയ മുകേഷ് കുമാർ ലക്നൗവിനെ ഞെട്ടിച്ചു. മധ്യ ഓവറുകളിലെ ഈ മെല്ലെപ്പോക്ക് ലക്നൗ സ്കോറിങ്ങിനെ പിന്നോട്ടടിച്ചു. അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലർ (15 പന്തിൽ 14 നോട്ടൗട്ട്)– ആയുഷ് ബദോനി (21 പന്തിൽ 36) സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് (34 പന്തിൽ 49 റൺസ്) ലക്നൗ ടോട്ടൽ 159ൽ എത്തിച്ചത്.
സമദിന് സ്വന്തം പൊസിഷൻ വിട്ടുനൽകിയ പന്ത്, 19.4 ഓവറിൽ ഏഴാമനായാണ് ബാറ്റിങ്ങിന് എത്തിയത്. രണ്ടു പന്ത് നേരിട്ട ലക്നൗ ക്യാപ്റ്റൻ റണ്ണൊന്നും നേടാതെ ക്ലീൻ ബോൾഡായി മടങ്ങി.