10 കായികതാരങ്ങൾക്ക് 30,000 രൂപ വീതം പ്രഖ്യാപിക്കുന്ന പരിപാടിക്കെത്തി; സ്വന്തമായി 70,000 രൂപ വീതം ‘എക്സ്ട്രാ’ പ്രഖ്യാപിച്ച് ദുബെ– വിഡിയോ

Mail This Article
ചെന്നൈ∙ തമിഴ്നാട്ടിൽ നിന്നുള്ള 10 കായികതാരങ്ങൾക്ക് 70,000 രൂപ വീതം സ്പോൺസർഷിപ് നൽകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ. തമിഴ്നാട് സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ദുബെയുടെ പ്രഖ്യാപനം. തിരഞ്ഞെടുക്കപ്പെട്ട 10 താരങ്ങൾക്ക് അസോസിയേഷൻ 30,000 രൂപ വീതം സ്പോൺസർഷിപ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് താൻ 70000 രൂപ വീതം നൽകാൻ തയാറാണെന്ന് ദുബെ അറിയിച്ചത്.
10 താരങ്ങൾക്ക് സ്പോൺസർഷിപ്പ് നൽകുന്ന പരിപാടിയിലേക്ക് മുഖ്യാതിഥിയായാണ്, ചെന്നൈ സൂപ്പർ കിങ്സിന്റെ താരം കൂടിയായ ദുബെയെ ക്ഷണിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ദുബെ, പ്രസംഗമധ്യേയാണ് അപ്രതീക്ഷിതമായി 70,000 രൂപയുടെ അധിക സ്പോൺസർഷിപ്പ് പ്രഖ്യാപിച്ചത്.
‘‘ഈ ചടങ്ങ് എല്ലാ യുവതാരങ്ങളെയും സംബന്ധിച്ച് വളരെ പ്രചോദനമേകുന്ന ഒന്നാണ്. ഇത്തരം ചെറിയ നേട്ടങ്ങൾ അവർക്ക് വലിയ പ്രചോദനമാകുമെന്ന് മാത്രമല്ല, രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ കൊയ്യാനുള്ള ആവേശവുമേകും. എന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രത്യേകം നന്ദി’’ – ദുബെ പറഞ്ഞു.
‘‘ഇത്തരം പരിപാടികൾ എന്റെ സ്വദേശമായ മുംബൈയിൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, മറ്റു സംസ്ഥാനങ്ങളേക്കുറിച്ച് എനിക്ക് അത്ര ഗ്രാഹ്യമില്ല. ഭാവിയിൽ മറ്റിടങ്ങളിലും ഇത്തരം പരിപാടികൾ ഞാൻ പ്രോത്സാഹിപ്പിക്കും. 30,000 രൂപ ചെറിയൊതു തുകയാണെങ്കിലും വലിയൊരു പ്രോത്സാഹനമാണ്. ഓരോ നാണയത്തുട്ടും പുരസ്കാരങ്ങളും വലിയ വിലയുള്ളതാണ്’ – ദുബെ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഈ കായികതാരങ്ങൾക്ക് 70,000 രൂപ വീതം താൻ നൽകുമെന്ന് ദുബെ അറിയിച്ചത്.
സ്പോൺസർഷിപ്പ് ലഭിക്കുന്ന താരങ്ങൾ
പി.ബി. അഭിനന്ദ് (ടേബിൾ ടെന്നിസ്), കെ.എസ്. വെനീസ ശ്രീ (ആർച്ചറി), മുത്തുമീണ വെള്ളസാമി (പാരാ അത്‌ലറ്റിക്സ്), ഷമീന റിയാസ് (സ്ക്വാഷ്), എസ്.നന്ദന (ക്രിക്കറ്റ്), പി.കമാലി (സർഫിങ്), ആർ.അഭിനയ (അത്‌ലറ്റിക്സ്), ആർ.സി. ജിതിൻ അർജുൻ (അത്‌ലറ്റിക്സ്), എ. തക്ശാന്ത് (ചെസ്), ആർ.കെ. ജയന്ത് (ക്രിക്കറ്റ്)