ADVERTISEMENT

മസ്കത്ത്∙ ഒമാനെതിരായ രണ്ടാം ഏകദിനത്തിൽ കേരളത്തിനു തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണു കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ ഏഴ് വിക്കറ്റിന് 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49 ഓവറിൽ 262 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ചെയർമാൻസ് ഇലവന് ഓപ്പണർ പൃഥ്വി മാച്ചിയുടെ ഉജ്വല ഇന്നിങ്സാണ് കരുത്ത് പകർന്നത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന് ഹമ്മദ് മിർസയ്ക്കും മുഹമ്മദ് നദീമിനുമൊപ്പം പൃഥ്വി ഉയർത്തിയ കൂട്ടുകെട്ടുകളാണ് ഒമാന്റെ സ്കോർ 294ൽ എത്തിച്ചത്. പൃഥ്വി 105 റൺസെടുത്തപ്പോൾ മുഹമ്മദ് നദീം 80ഉം ഹമ്മദ് മിർസ 33ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് രണ്ടും ബേസിൽ എൻ.പി, ശ്രീഹരി, അബ്ദുൽ ബാസിദ്, ഷോൺ റോജർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരത്തിന് സ്കോർ ബോർഡിൽ റൺ വരും മുൻപേ തന്നെ ഓപ്പണർ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മുഹമ്മദ് അസ്ഹറുദ്ദീനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 111 റൺസ് പിറന്നു. അസ്ഹറുദ്ദീൻ 63ഉം ഗോവിന്ദ് പൈ  62ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ മൂന്ന് ബാറ്റർമാർ തിളങ്ങാതെ പോയത് കേരളത്തിന് തിരിച്ചടിയായി.

ഷോൺ റോജർ റണ്ണെടുക്കാതെ പുറത്തായപ്പോൾ അക്ഷയ് മനോഹർ 13ഉം രോഹൻ കുന്നുമ്മൽ 12ഉം റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ ഉജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാൽ 34 പന്തുകളിൽ നിന്ന് 58 റൺസെടുത്ത സൽമാന്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷകൾ അവസാനിച്ചു. നിധീഷ് 37 റൺസെടുത്തു. ഒമാനു വേണ്ടി മുജിബുർ അലി മൂന്നും മുഹമ്മദ് ഇമ്രാനും, ഷക്കീൽ അഹ്മദും, സമയ് ശ്രീവാസ്തവയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.

English Summary:

Oman beat Kerala for 32 runs in second ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com