പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി മൗനമാചരിക്കുമ്പോൾ പാണ്ഡ്യ ‘സംസാരത്തോട് സംസാരം’; മര്യാദയില്ലെന്ന് വിമർശനം– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനു മുന്നോടിയായി കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരമർപ്പിച്ച് മൗനമാചരിക്കുന്നതിനിടെ, അടുത്തു നിന്നിരുന്ന സഹതാരത്തോട് സംസാരിച്ച മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിമർശനം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നോടിയായാണ് സംഭവം. ഇരു ടീമുകളിലെയും താരങ്ങൾ നിരയായി നിന്ന് മൗനമാചരിച്ച് ഭീകരാക്രമണത്തിന് ഇരകളായവർക്ക് ആദരമർപ്പിക്കുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യ സംസാരം തുടർന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, ഒട്ടേറെപ്പേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തുന്നത്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിക്കുന്ന സമയത്ത്, അത് ഗൗനിക്കാതെ സംസാരം തുടർന്ന പാണ്ഡ്യയുടെ പ്രവൃത്തി അപമാനകരമാണെന്ന് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മത്സരത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചതിനു പുറമേ, ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ അപലപിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുകയും ചെയ്തു. ഈ മത്സരത്തിൽ ഇരു ടീമുകളിലെയും കളിക്കാർ ഉൾപ്പെടെയുള്ളവർ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയതും. ഇതിനെല്ലാം പുറമേ, മത്സരത്തിനിടെ പതിവുള്ള വെടിക്കെട്ടും ചിയർ ഗേൾസിന്റെ നൃത്തവും സംഗീതവും ഡിജെയുമെല്ലാം ബിസിസിഐ ഒഴിവാക്കുകയും ചെയ്തു.