ADVERTISEMENT

കറാച്ചി∙ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പ്രതിക്കൂട്ടിലാക്കിയ പോസ്റ്റിനു പിന്നാലെ, കൂടുതൽ രൂക്ഷമായ പ്രതികരണവുമായി മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. പഹൽഗാം ആക്രമണത്തെക്കുറിച്ച് പാക്ക് പ്രധാനമന്ത്രിക്ക് പൂർണമായ അറിവുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹം ആക്രമണത്തെ അപലപിക്കാൻ തയാറാകാത്തതെന്നും കനേരിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് കടുത്ത മറുപടി നൽകി താരം വീണ്ടും രംഗത്തെത്തിയത്.

‘ഇന്ത്യക്കാരേക്കാൾ വലിയ ഇന്ത്യക്കാരനായാണ് കനേരിയയുടെ പ്രതികരണമ’മെന്ന് പറഞ്ഞ ആരാധകന് കടുപ്പം ഒട്ടും കുറയ്‌ക്കാതെയാണ് കനേരിയ മറുപടി നൽകിയത്. ‘‘ഞാൻ ഒരു ഹിന്ദുവാണ്. അതിൽ അഭിമാനിക്കുന്നയൾ. ഹിന്ദുവെന്ന സ്വതം നിലനിൽക്കെ, ജനിച്ച രാജ്യത്തിനായി കളിക്കുകയും ചെയ്തു. ലോകത്തിന്റെ ഏതു കോണിലുള്ള ഹിന്ദുവാണെങ്കിലും, ജനിച്ച രാജ്യത്തോട് കൂറുള്ളവരായിരിക്കും’ – കനേരിയ കുറിച്ചു.

‘‘പാക്കിസ്ഥാനിലെ ജനങ്ങൾ എന്നെ സ്നേഹിച്ചു. പക്ഷേ, പാക്കിസ്ഥാനിലെ ഭരണാധികാരികൾ വിഭജനകാലത്തിനു ശേഷം ഇവിടുത്തെ എന്റെ ഹിന്ദുക്കളായ സഹോദരീസഹോദരൻമാരോട് പെരുമാറിയതുപോലെ തന്നെയാണ് എന്നോടും പെരുമാറിയത്’ – കനേരിയ എഴുതി.

പഹൽഗാമിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികളാണെന്ന പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ പരാമർശത്തെയും രൂക്ഷമായ ഭാഷയിലാണ് കനേരിയ വിമർശിച്ചത്. ‘‘ഭീകരവാദികളെ സ്വാതന്ത്ര്യസമര സേനാനികളെന്നു വിളിച്ചതിലൂടെ പാക്കിസ്ഥാൻ ഡപ്യൂട്ടി പ്രധാനമന്ത്രി അപമാനകരമായ പ്രസ്താവന നടത്തുക മാത്രമല്ല ചെയ്തത്, ഇതിനെല്ലാം പിന്നിൽ പാക്കിസ്ഥാനാണെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുന്നു’ – ഡാനിഷ് കനേരിയ കുറിച്ചു.

നേരത്തെ, പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പാക്ക് പ്രധാനമന്ത്രി അതിനെ അപലപിക്കാത്തതെന്ന് കനേറിയ ചോദിച്ചിരുന്നു. ‘‘പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെങ്കിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്തുകൊണ്ടാണ് അതിനെ അപലപിക്കാത്തത്? എങ്ങനെയാണ് പാക്കിസ്ഥാൻ സൈന്യം ഇത്രപെട്ടെന്ന് വൻ ജാഗ്രതയിലേക്ക് നീങ്ങിയത്? കാരണം, എന്താണ് സംഭവിക്കുന്നതെന്ന് താങ്കൾക്കും അറിയാമായിരുന്നു. നിങ്ങളാണ് ഭീകരവാദികൾക്ക് താവളമൊരുക്കുന്നതും അവരെ വളർത്തുന്നതും. ലജ്ജാകരം’ – ഡാനിഷ് കനേറിയ കുറിച്ചു.

English Summary:

I am a Hindu, a proud one: Former Pakistan cricketer on Pahalgam terror attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com