രോഹന് കുന്നുമ്മലിന് വീണ്ടും സെഞ്ചറി, 95 പന്തിൽ 130 റൺസ്; ഒമാനെതിരെ കേരളത്തിനു വമ്പൻ വിജയം, പരമ്പരയിൽ മുന്നിൽ

Mail This Article
മസ്കത്ത്∙ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മത്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് മാത്രമാണ് എടുക്കാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച വച്ചു. അഭിഷേക് നായരും രോഹൻ കുന്നുമ്മലും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 59 റൺസ് പിറന്നു. അഭിഷേക് നായർ 22 റൺസെടുത്ത് പുറത്തായി. തുടർന്ന് രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് നേടിയ 156 റൺസാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രോഹൻ 130ഉം അസറുദ്ദീൻ 78ഉം റൺസെടുത്തു. 95 പന്തുകളിൽ 18 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. പരമ്പരയിൽ രോഹന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആദ്യ മത്സരത്തിലും രോഹൻ സെഞ്ച്വറി നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവന് വേണ്ടി മൂന്ന് പേർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ജതീന്ദർ സിങ് 60ഉം മുജീബൂർ അലി 40ഉം, സുഫ്യാൻ മെഹ്മൂദ് 49ഉം റൺസെടുത്തു. തുടർന്ന് എത്തിയവർ അവസരത്തിനൊത്ത് ഉയരാതെ പോയതോടെ ഒമാൻ ചെയർമാൻസ് ഇലവന്റെ മറുപടി 219ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി ബേസിൽ എൻ.പി മൂന്നും ബിജു നാരായണൻ രണ്ട് വിക്കറ്റും വീഴ്ത്തി.