മലിംഗയുടെ റെക്കോർഡ് മറികടന്ന് ജസ്പ്രീത് ബുമ്ര, മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് വേട്ടക്കാരൻ; വിജയക്കുതിപ്പ് തുടരുന്നു

Mail This Article
മുംബൈ ∙ വാങ്കഡെ സ്റ്റേഡിയം നിറച്ചെത്തിയ ആരാധകർ മനസ്സിൽ കൊതിച്ചത് മുംബൈ ഇന്ത്യൻസ് മൈതാനത്ത് കൊയ്തു. ഗംഭീര ബാറ്റിങ്ങും മാസ്മരിക ബോളിങ്ങുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയ മുംബൈയ്ക്ക് ഹോം ഗ്രൗണ്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസ് വിജയം. സൂര്യകുമാർ യാദവിന്റെയും (28 പന്തിൽ 54) ഓപ്പണർ റയാൻ റിക്കൽറ്റന്റെയും (32 പന്തിൽ 58) അർധ സെഞ്ചറിക്കരുത്തിൽ ആദ്യം ബാറ്റു ചെയ്ത് 215 റൺസ് നേടിയ മുംബൈ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിനെ 161 റൺസിൽ എറിഞ്ഞൊതുക്കി.
ജസ്പ്രീത് ബുമ്രയുടെയും (4 വിക്കറ്റ്) ട്രെന്റ് ബോൾട്ടിന്റെയും (3 വിക്കറ്റ്) സൂപ്പർ സ്പെല്ലുകളാണ് ലക്നൗവിന്റെ പ്രതീക്ഷകൾ തകർത്തത്. ഓൾറൗണ്ട് പ്രകടനത്തോടെ തിളങ്ങിയ മുംബൈയുടെ ഇംഗ്ലണ്ട് താരം വിൽ ജാക്സാണ് (2 വിക്കറ്റ്, 29 റൺസ്) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 215. ലക്നൗ– 20 ഓവറിൽ 161. തുടർച്ചയായ അഞ്ചാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി.
ബുമ്ര റിട്ടേൺസ് !
മൂന്നാം ഓവറിൽ എയ്ഡൻ മാർക്രത്തിന്റെ (9) വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്ര നൽകിയ മിന്നുംതുടക്കമാണ് പിന്നാലെ മറ്റു ബോളർമാർ ഏറ്റുപിടിച്ചത്. പവർപ്ലേയിൽ 60 റൺസുമായി ആഞ്ഞടിച്ച നിക്കോളാസ് പുരാൻ (15 പന്തിൽ 27)– മിച്ചൽ മാർഷ് (24 പന്തിൽ 34) കൂട്ടുകെട്ട് ലക്നൗ ക്യാംപിൽ പ്രതീക്ഷയുണർത്തിയെങ്കിലും ഏഴാം ഓവറിൽ പുരാന്റെയും ഋഷഭ് പന്തിന്റെയും (2 പന്തിൽ 4) വിക്കറ്റുകൾ നേടി വിൽ ജാക്സ് കളി തിരിച്ചു. മിച്ചൽ മാർഷ്, ആയുഷ് ബദോനി (22 പന്തിൽ 35), ഡേവിഡ് മില്ലർ (16 പന്തിൽ 24) എന്നിവരെയും മധ്യ ഓവറുകളിൽ തന്നെ മടക്കിയ അയച്ച മുംബൈ പേസർമാർ ഡെത്ത് ഓവറിനു മുൻപേ ജയം ഏറക്കുറെ ഉറപ്പിച്ചിരുന്നു.
ഫോമിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ബുമ്ര 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റെടുത്തത്. നേരത്തേ സീസണിലെ രണ്ടാം അർധ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ റയാൻ റിക്കൽറ്റന്റെയും (58) മൂന്നാം അർധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവിന്റെയും (54) വെടിക്കെട്ടാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോർഡ് ഇനി ജസ്പ്രീത് ബുമ്രയ്ക്കൊപ്പം. ഇന്നലെ ലക്നൗ ഓപ്പണർ എയ്ഡൻ മാർക്രത്തെ പുറത്താക്കിയതോടെ ബുമ്രയുടെ ഐപിഎൽ വിക്കറ്റുകളുടെ എണ്ണം 171 ആയി. മുംബൈയ്ക്കായി 170 വിക്കറ്റുകൾ നേടിയ ലസിത് മലിംഗയെയാണ് മറികടന്നത്. 2013ൽ ഐപിഎലിൽ അരങ്ങേറിയ ബുമ്ര ഇതുവരെ മുംബൈ ടീമിൽ മാത്രമേ കളിച്ചിട്ടുള്ളൂ.
ഇടംകൈ വിക്കറ്റ് !
ദീപക് ചാഹർ എറിഞ്ഞ ആറാം ഓവറിൽ 3 സിക്സ് അടക്കം 20 റൺസ് അടിച്ചുകൂട്ടിയ ലക്നൗ പവർ ഹിറ്റർ നിക്കോളാസ് പുരാൻ മുംബൈയ്ക്ക് അപായ സൂചന നൽകിയപ്പോഴാണ് ഹാർദിക് പാണ്ഡ്യ ഓൾറൗണ്ടർ വിൽ ജാക്സിനെ പന്തേൽപിച്ചത്. ഈ സീസണിൽ മുൻപ് 9 ഓവറുകൾ മാത്രം പന്തെറിഞ്ഞ ഓഫ് സ്പിന്നർ നേടിയത് 3 വിക്കറ്റുകൾ മാത്രമാണെങ്കിലും അതെല്ലാം ഇടംകൈ ബാറ്റർമാരുടേതായിരുന്നു; പാണ്ഡ‍്യ മനസ്സിൽ കണ്ടതും അതായിരുന്നു. ജാക്സ് തന്റെ ആദ്യ പന്തിൽ തന്നെ ഇടംകൈ ബാറ്റർ പുരാനെ വീഴ്ത്തി. 2 പന്തുകൾക്കുശേഷം മറ്റൊരു ഇടംകൈ ബാറ്റർ ഋഷഭ് പന്തിനെയും ജാക്സ് പുറത്താക്കിയതോടെ കളി തിരിഞ്ഞു.