ബുമ്രയെ സിക്സർ തൂക്കിയതിന് ബിഷ്ണോയിയുടെ ആഘോഷപ്രകടനം, ‘ഇതൊക്കെ എന്ത്?’ എന്ന ഭാവത്തിൽ പന്ത്- വിഡിയോ

Mail This Article
മുംബൈ∙ ഐപിഎലിലെ മുംബൈ ഇന്ത്യൻസ്– ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടത്തിനിടെ ജസ്പ്രീത് ബുമ്രയെ സിക്സര്‍ തൂക്കിയതിന് ലക്നൗവിന്റെ വാലറ്റക്കാരൻ ബാറ്റർ രവി ബിഷ്ണോയിയുടെ ആഹ്ലാദ പ്രകടനം. ലക്നൗവിന്റെ മറുപടി ബാറ്റിങ്ങിൽ 18–ാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്ണോയിയുടെ സിക്സ്. ലോങ് ഓണിനു മുകളിലൂടെ ബുമ്രയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്ണോയി, മുംബൈ സൂപ്പർ താരത്തെ നോക്കിയാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ബിഷ്ണോയിയുടെ ആഹ്ലാദം കണ്ട് ബുമ്രയ്ക്കും ചിരിപൊട്ടി.
ലക്നൗ തോൽവിയുടെ വക്കിൽ നിൽക്കെയായിരുന്നു ബിഷ്ണോയിയുടെ സിക്സ് എന്നതും ശ്രദ്ധേയമായിരുന്നു. ഈ സമയത്ത് ലക്നൗവിന് 12 പന്തിൽ 61 റൺസ് കൂടി ജയിക്കാൻ ആവശ്യമായിരുന്നു. ബിഷ്ണോയിയുടെ സിക്സർ കണ്ട് ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ പ്രതികരണവും വൈറലായി. ‘ഇതൊക്കെ എന്ത്?’ എന്ന ഭാവത്തിൽ പന്ത് ഡഗ്ഔട്ടിലിരിക്കുകയായിരുന്നു. മത്സരത്തിൽ സ്പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിനേക്കാൾ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രവി ബിഷ്ണോയിയുടേത്.
രണ്ടു പന്തുകൾ നേരിട്ട ഋഷഭ് പന്ത് നാലു റൺസ് മാത്രമെടുത്തു പുറത്തായപ്പോൾ, രവി ബിഷ്ണോയി 14 പന്തിൽ 13 റൺസെടുത്തു. മത്സരത്തിൽ 54 റൺസ് വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ സൂപ്പർ ജയന്റ്സിന് 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി. 22 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷ് (24 പന്തിൽ 34), നിക്കോളാസ് പുരാൻ (15 പന്തിൽ 27), ഡേവിഡ് മില്ലർ (16 പന്തിൽ 24) എന്നിവരും ബാറ്റിങ്ങിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ലക്നൗവിന് എയ്ഡൻ മാർക്രമിനെ നഷ്ടമായി. ഒൻപതു റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓപ്പണറെ ജസ്പ്രീത് ബുമ്ര പുറത്താക്കി. മിച്ചൽ മാർഷിനൊപ്പം നിക്കോളാസ് പുരാനും ചേർന്നതോടെ ലക്നൗ സ്കോറിങ്ങിനു വേഗം കൂടി. പുരാൻ വിൽ ജാക്സിന്റെ പന്തില്‍ പുറത്തായപ്പോൾ, ക്യാപ്റ്റൻ ഋഷഭ് പന്ത് നാലു റൺസ് മാത്രമെടുത്തു മടങ്ങി. രണ്ടു ബോളുകള്‍ മാത്രം നേരിട്ട ഋഷഭിനെയും വിൽ ജാക്സാണു മടക്കിയത്. ലക്നൗ പത്തു മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ആറാം തവണയാണ് ഋഷഭ് പന്ത് രണ്ടക്കം കടക്കാതെ പുറത്താകുന്നത്.
സ്കോർ 110 ൽ നിൽക്കെ ഓപ്പണര്‍ മിച്ചൽ മാർഷിന്റെ പുറത്താകൽ ലക്നൗവിനു തിരിച്ചടിയായി. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡേവിഡ് മില്ലറും ആയുഷ് ബദോനിയും തകർത്തടിച്ചതോടെ ലക്നൗവിനു വിജയ പ്രതീക്ഷയുണ്ടായിരുന്നു. 135 ല്‍ ബദോനിയെയും 141 ൽ ഡേവിഡ്‍ മില്ലറെയും പുറത്താക്കി, മുംബൈ കളിയിലേക്കു തിരിച്ചെത്തി. നാലോവറിൽ 22 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്ര മുംബൈയ്ക്കായി നാലു വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റുകളും വിൽ ജാക്സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. റയാൻ റിക്കിൾട്ടനും സൂര്യകുമാർ യാദവും അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട റിക്കിൾട്ടൻ 58 റൺസും, 28 പന്തുകളിൽനിന്ന് സൂര്യ 54 റൺസുമെടുത്തു പുറത്തായി. വില്‍ ജാക്സ് (21 പന്തിൽ 29), കോർബിൻ ബോഷ് (10 പന്തിൽ 20), നമൻ ധിർ (11 പന്തിൽ 25) എന്നിവരാണ് മുംബൈയുടെ മറ്റു സ്കോറർമാർ.