ഇന്ത്യയിൽ പടക്കം പൊട്ടിയാലും കുറ്റം പാക്കിസ്ഥാനെന്ന് അഫ്രീദിയുടെ പരിഹാസം: കാർഗിൽ ഓർമിപ്പിച്ച് ധവാന്റെ ‘സർജിക്കൽ സ്ട്രൈക്ക്’!

Mail This Article
ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ച് ധവാന്റെ രംഗപ്രവേശം. ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനും ധവാൻ അഫ്രീദിയെ ഉപദേശിച്ചു.
‘‘ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ – ശിഖർ ധവാൻ കുറിച്ചു.
നേരത്തെ, ഒരു പാക്കിസ്ഥാൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമർശം.
‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാക്കിസ്ഥാനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല എന്നും’ – സമാ ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.
അതിനിടെ, അഫ്രീദിയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാന്റെ തന്നെ മുൻ താരമായ ഡാനിഷ് കനേരിയയും രംഗത്തെത്തി. എക്കാലവും തീവ്ര കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്ന സമീപനമാണ് അഫ്രീദിയുടേതെന്ന് കനേരിയ ചൂണ്ടിക്കാട്ടി.
‘‘എക്കാലവും തീവ്ര കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്ന സമീപനമാണ് ഷാഹിദ് അഫ്രീദിയുടേത്. ഇന്ത്യയിലോ ഇന്ത്യൻ ടെലിവിഷൻ ചാനലുകളിലോ ഷാഹിദ് അഫ്രീദിക്ക് ഒരു അവസരവും കൊടുക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, കളിക്കുന്ന കാലത്ത് എന്നെ ഇസ്‌ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയും മതം വ്യത്യസ്തമായതുകൊണ്ട് എനിക്കൊപ്പം ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിക്കുകയും ചെയ്തതുവഴി എന്നെ അപമാനിച്ച വ്യക്തിയാണ് അഫ്രീദി’ – കനേരിയ പറഞ്ഞു.