ആകെ നേടിയ 101 റൺസിൽ 94 റൺസും ബൗണ്ടറികളിലൂടെ, ഓടിയെടുത്തത് 7 റൺസ് മാത്രം: വൈഭവ് എന്ന ഹിറ്റ് ബോയ്!

Mail This Article
ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്ഫോടനത്തിന്റെ അനുരണനങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെയും ട്വന്റി20 ക്രിക്കറ്റിലെയും ഒരുപിടി റെക്കോർഡുകളാണ് വൈഭവിന്റെ സെഞ്ചറി പ്രകടനത്തിനു മുന്നിൽ തകർന്നുവീണത്. മത്സരത്തിൽ വൈഭവ് നേടിയ 101 റൺസിൽ 94 റൺസും പിറന്നത് ബൗണ്ടറികളിലൂടെയാണ്. ബൗണ്ടറി ശതമാനം 93.06%. ട്വന്റി20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന ബൗണ്ടറി ശതമാനത്തോടെ സെഞ്ചറി തികയ്ക്കുന്ന താരമായി വൈഭവ്. ഈ ഇന്നിങ്സിൽ പിറന്ന മറ്റു റെക്കോർഡുകൾ ഇതാ....
∙ ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പവർപ്ലേയിൽ ആകെ നേടിയത് 5 സിക്സാണ്. ഗുജറാത്തിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ മാത്രം വൈഭവ് സൂര്യവംശി അടിച്ചത് 6 സിക്സർ!
∙ ഐപിഎലിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് (30) വഴങ്ങുന്ന താരമായി അഫ്ഗാൻ പേസർ കരിം ജന. 3 വീതം സിക്സും ഫോറുമടക്കം 30 റൺസാണ് കരിമിന്റെ ഓവറിൽ വൈഭവ് നേടിയത്.
∙ ഐപിഎലിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡിൽ മുരളി വിജയ്ക്കൊപ്പം ഇനി വൈഭവും. 11 വീതം സിക്സാണ് ഇരുവരും നേടിയത്.
∙ ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയും (35 പന്തിൽ) ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയുമാണ് കഴിഞ്ഞ ദിവസം വൈഭവ് സ്വന്തമാക്കിയത്. 37 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാന്റെ റെക്കോർഡാണ് മറികടന്നത്. 30 പന്തിൽ സെഞ്ചറി തികച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിലാണ് ഒന്നാമത്.
∙ ആദ്യ പന്തിൽ സിക്സർ പുത്തരിയില്ല
‘‘ആദ്യ പന്തിൽ സിക്സറടിക്കുന്നത് എനിക്കു സാധാരണ കാര്യമാണ്. ഇന്ത്യൻ അണ്ടർ 19 ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ച കാലത്ത് ആദ്യ പന്തിൽ സിക്സറടിച്ചിട്ടുണ്ട്. ആദ്യ 10 പന്തുകൾ ഒരു സമ്മർദവുമില്ലാതെയാണു ഞാൻ നേരിടുക. ബൗണ്ടറി കടത്താൻ പറ്റിയ പന്തുകളാണ് അവയെങ്കിൽ അതു ചെയ്തിരിക്കും.’
‘‘ക്രീസിൽ ഞാൻ കൂടുതൽ തല പുകയ്ക്കാറില്ല. ഒരു രാജ്യാന്തര ബോളറാണല്ലോ പന്തെറിയുന്നത്, ഐപിഎൽ എന്ന വലിയ വേദിയിലാണല്ലോ കളി എന്നൊന്നും ചിന്തിക്കാറില്ല. എന്റെ ശൈലിയിൽ കളിക്കണമെന്നു മാത്രമേ ആലോചിക്കാറുള്ളൂ. എനിക്ക് ഇന്ത്യയ്ക്കു വേണ്ടി കളിക്കണം. ഞാൻ സ്വപ്നം കാണുന്നതു നേടും വരെ ഈ കഠിനാധ്വാനം തുടരും. ഇപ്പോഴത്തെ ഈ സെഞ്ചറി ഞാൻ മുൻപേ സ്വപ്നം കണ്ടതായിരുന്നു’ – വൈഭവിന്റെ വാക്കുകൾ.