മുംബൈ ‘മിന്നിച്ചു’, ഇനി ടേബിൾ ടോപ്പേഴ്സ്; രാജസ്ഥാന് 100 റൺസ് തോൽവി, ടൂർണമെന്റിൽനിന്ന് പുറത്ത്

Mail This Article
ജയ്പുർ∙ ഇന്നിങ്സിന്റെ നാലാം പന്തിൽ തന്നെ രാജസ്ഥാന്റെ വിധി കുറിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോഴായിരുന്നു അത്. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റർമാരെല്ലാം പവലിയനിലേക്ക് പോകാൻ ‘മത്സരിച്ചപ്പോൾ’ രാജസ്ഥാന് ടൂർണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരെ 100 റൺസിനാണ് രാജസ്ഥാന്റെ തോൽവി. മുംബൈ ഉയർത്തിയ 218 വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 16.1 ഓവറിൽ 117 റൺസിന് ഓൾഔട്ടൗയി. ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ടൂർണമെന്റിൽനിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാൻ. തുടർച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതായി.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. 4.5 ഓവറിൽ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവർ. 27 പന്തിൽ 30 റൺസെടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാൻ ടീമിലെ ടോപ് സ്കോറർ. വൈഭവ് സൂര്യവംശി (പൂജ്യം), യശ്വസി ജയ്‌സ്വാൾ (6 പന്തിൽ 13), നിതീഷ് റാണ (11 പന്തിൽ 9), റിയാൻ പരാഗ് (8 പന്തിൽ 16), ധ്രുവ് ജുറേൽ (11 പന്തിൽ 11)), ഷിമ്രോൺ ഹെറ്റ്മെയർ (പൂജ്യം), മഹീഷ് തീക്ഷണ (9 പന്തിൽ 2), കുമാർ കാർത്തികേയ (4 പന്തിൽ 2), ആകാശ് മധ്‌വാൾ (9 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. അവസാന വിക്കറ്റിൽ ആർച്ചർ നടത്തിയ ചെറുത്തുനിർപ്പാണ് രാജസ്ഥാൻ സ്കോർ 100 കടത്തിയത്. മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട്, കാൺ ശർമ എന്നിവർ 3 വിക്കറ്റ് വീതവും ജസ്പ്രീത ബുമ്ര രണ്ടും ദീപക് ചാഹർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
∙ മുംബൈ മിന്നി
ബാറ്റെടുത്തവരെല്ലാം മിന്നിയതോടെയാണ് രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 217 റൺസെടുത്തത്. സീസണിലെ തങ്ങളുടെ മൂന്നാം അർധസെഞ്ചറികളുമായി റയാൻ റിക്കിൾട്ടനും (38 പന്തിൽ 61) രോഹിത് ശർമയും (36 പന്തിൽ 53) ഓപ്പണിങ് ഗംഭീരമാക്കിയപ്പോൾ പിന്നാലെയെത്തിയ സൂര്യകുമാർ യാദവും (23 പന്തിൽ 48*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 48*) ‘ഫിനിഷിങ്ങും’ മികച്ചതാക്കി. ജയ്പുരിൽ ഒരു ഐപിഎൽ ടീമിന്റെ ഏറ്റവും മികച്ച ടോട്ടലാണ് മുംബൈ കുറിച്ചത്. 2023ൽ സൺറൈസേഴ്സ് ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തതാണ് ഇതിനു മുൻപത്തെ മികച്ച ടോട്ടൽ.
ഇന്നിങ്സിന്റെ തുടക്കത്തിൽ മെല്ലെ തുടങ്ങിയ മുംബൈ ഓപ്പണർമാർ നിലയുറപ്പിച്ചതോടെ കത്തിക്കയറി. പവർപ്ലേയിൽ 58 റൺസാണ് മുംബൈ നേടിയത്. മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു റയാൻ റിക്കിൾട്ടന്റെ ഇന്നിങ്സ്. ഒൻപതും ഫോറുകളാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. ഇരുവരുടെയും സെഞ്ചറി കൂട്ടുകെട്ട് 12–ാം ഓവറിൽ രാജസ്ഥാൻ ക്യാപ്റ്റൻ റയാൻ പരാഗാണ് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ റിക്കിൾട്ടനെ മഹീഷ് തീക്ഷണയും മടക്കി. എന്നാൽ പിന്നാലെയെത്തിയ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ‘അടി’ തുടർന്നതോടെ മുംബൈ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. സൂര്യകുമാർ 3 സിക്സും 4 ഫോറും അടിച്ചപ്പോൾ ഹാർദിക് ഒരു സിക്സും ആറു ഫോറും അടിച്ചു.
∙ പ്ലേയിങ് ഇലവൻ:
രാജസ്ഥാൻ റോയൽസ്: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, കുമാർ കാർത്തികേയ, ആകാശ് മധ്‌വാൾ, ഫസൽഹഖ് ഫറൂഖി
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, കോർബിൻ ബോഷ്, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര