സഞ്ജുവിന്റെ ആരോഗ്യ സ്ഥിതി ഞങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; തിരക്കിട്ട് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കില്ല: രാഹുൽ ദ്രാവിഡ്

Mail This Article
മുംബൈ∙ ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റ രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ദിവസേനയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ എന്തെങ്കിലും പറയാൻ സാധിക്കൂവെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ്. മുംബൈയ്ക്കെതിരായ മത്സരത്തിലും സഞ്ജു കളിക്കില്ലെന്നാണ് വിവരം. ടീമിന്റെ പ്ലേഓഫ് സാധ്യതകളെ ശക്തമായി ബാധിക്കുന്നുണ്ടെങ്കിലും, സഞ്ജുവിനെ തിരക്കിട്ട് തിരിച്ചെത്തിക്കാൻ രാജസ്ഥാൻ ശ്രമിക്കില്ലെന്ന സൂചനയാണ് പരിശീലകൻ നൽകിയത്.
വാരിയെല്ലിനേറ്റ പരുക്കുമൂലം കഴിഞ്ഞ 3 മത്സരങ്ങളിൽ സഞ്ജുവിനു കളിക്കാൻ സാധിച്ചില്ല. സൂപ്പർ ഓവറിലേക്ക് നീണ്ട ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് പരുക്കേറ്റത്. സഞ്ജുവിന്റെ അസാന്നിധ്യത്തിൽ രാജസ്ഥാൻ കളിച്ച മൂന്നു മത്സരങ്ങളിൽ അവർക്ക് ജയിക്കാനായത് ഗുജറാത്ത ടൈറ്റൻസിനെതിരായ അവസാന മത്സരം മാത്രമാണ്. പതിനാലുകാരൻ താരം വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചറി പ്രകടനമാണ് അന്ന് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. ലക്നൗ സൂപ്പർ ജയന്റ്സ്, ആർസിബി എന്നിവർക്കെതിരായ മത്സരങ്ങൾ രാജസ്ഥാൻ തോറ്റു.
‘‘സഞ്ജുവിന്റെ പരുക്ക് ഭേദമാകുന്നുണ്ട്. പക്ഷേ, ദിനംപ്രതിയുള്ള വിലയിരുത്തലുകളിലൂടെ മാത്രമേ അതേക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാകൂ. വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അത് കുറച്ചധികം ഗൗരവത്തോടെ കാണേണ്ട പരുക്കാണ്. അതുകൊണ്ട് സഞ്ജുവിനെ തിരക്കിട്ട് കളത്തിൽ തിരിച്ചെത്തിക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കില്ല’ – ദ്രാവിഡ് പറഞ്ഞു.
‘‘ഞങ്ങൾ അദ്ദേഹത്തെ ദിവസേന നിരീക്ഷിക്കുന്നുണ്ട്. എന്നാണ് അദ്ദേഹത്തിന് കളത്തിലിറങ്ങാനാകുക എന്നു നോക്കാം. ഓരോ ദിവസവും സഞ്ജുവിനുണ്ടാകുന്ന പുരോഗതിയുടെ റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. അതു വിലയിരുത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്തായാലും സഞ്ജുവിന് സംഭവിച്ച പരുക്കിന് വലിയ ഗൗരവമാണ് ടീം നൽകുന്നത്’ – ദ്രാവിഡ് പറഞ്ഞു.