‘തീരുന്നില്ല, തുടരും...’; പരുക്കേറ്റു പുറത്തായ മലയാളി താരത്തെ ചേർത്തുനിർത്തി മുംബൈ ഇന്ത്യൻസ്- വിഡിയോ

Mail This Article
മുംബൈ∙ പരുക്കേറ്റു പുറത്തായതിനു പിന്നാലെ മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ക്യാംപിൽ വിഘ്നേഷിന്റെ നിമിഷങ്ങളാണ് ‘തീരുന്നില്ല, തുടരും’ എന്ന ക്യാപ്ഷനോടെ ഫ്രാഞ്ചൈസി പങ്കുവച്ചത്.
വിഘ്നേഷ് പരുക്കേറ്റു പുറത്തായതോടെ പകരക്കാരനായി മറ്റൊരു യുവതാരം രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുപ്പത്തൊന്നുകാരനായ രഘു ശർമ മുംബൈയുടെ ഭാഗമായത്. കാലിനേറ്റ പരുക്കാണ് വിഘ്നേഷിന് വിനയായത്. താരം ഈ സീസണിൽ തുടർന്ന് കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുംബൈ ഇന്ത്യൻസ് പകരക്കാരനെ തേടിയത്.
മുംബൈ ഇന്ത്യൻസിനായി ആദ്യ മത്സരത്തിൽത്തന്നെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്നു വിക്കറ്റെടുത്ത് ഞെട്ടിച്ച വിഘ്നേഷ് പുത്തൂർ, ആകെ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. നേടിയത് ആറു വിക്കറ്റും. ഈ സീസണിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തന്നെ തുടരും. മെഗാതാരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് വാങ്ങിയത്. കേരളത്തിനായി സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത താരം, മലപ്പുറം സ്വദേശിയാണ്.