മഞ്ജരേക്കറിന്റെ സ്ട്രൈക്ക് റേറ്റ് 64.31; 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്: ‘ട്രോളി’ കോലിയുടെ സഹോദരൻ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ വിരാട് കോലിയുടെ പ്രകടനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെ പരിഹസിച്ച്, വിരാടിന്റെ സഹോദരൻ വികാസ് കോലി രംഗത്ത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് വികാസ് കോലിയുടെ പരിഹാസം. വിരാട് കോലി തന്റെ നല്ല കാലം പിന്നിട്ടുവെന്നും ഈ ഐപിഎൽ സീസണിലെ മികച്ച 10 ബാറ്റർമാരുടെ കൂട്ടത്തിൽനിന്ന് കോലിയെ ഒഴിവാക്കുന്നുമെന്നുമുള്ള മഞ്ജരേക്കറിന്റെ പരാമർശമാണ് വികാസ് കോലിയെ ചൊടിപ്പിച്ചത്.
‘‘സഞ്ജയ് മഞ്ജരേക്കർ. ഏകദിന കരിയറിലെ സ്ട്രൈക്ക് റേറ്റ് – 64.31. 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്’ – വികാസ് കോലി കുറിച്ചു.
ഐപിഎൽ 18–ാം സീസണിൽ ഒരുപിടി യുവതാരങ്ങളുടെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തിയും, അവരുടെ സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാട്ടിയും സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു. ഈ സീസണിൽ 250 റൺസിനു മുകളിൽ നേടിയ യുവതാരങ്ങളിൽ 150നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ളവരെ ഉയർത്തിക്കാട്ടിയായിരുന്നു മഞ്ജരേക്കറിന്റെ പോസ്റ്റ്.

‘‘ബാറ്റിങ്ങിന്റെ കാര്യത്തിൽ ഈ പട്ടികയാണ് പ്രധാനം. മികച്ച സ്ട്രൈക്ക് റേറ്റോടെ വലിയ സ്കോറുകൾ നേടിയ താരങ്ങൾ.
നിക്കോളാസ് പുരാൻ– 205 സ്ട്രൈക്ക് റേറ്റിൽ 377 റൺസ്
പ്രിയാൻഷ് ആര്യ – 202 സ്ട്രൈക്ക് റേറ്റിൽ 254 റൺസ്
ശ്രേയസ് അയ്യർ – 185 സ്ട്രൈക്ക് റേറ്റിൽ 263 റൺസ്
സൂര്യകുമാർ യാദവ് – 167 സ്ട്രൈക്ക് റേറ്റിൽ 373 റൺസ്
ജോസ് ബട്‍ലർ – 166 സട്രൈക്ക് റേറ്റിൽ 364 റൺസ്
മിച്ചൽ മാർഷ് – 161 സ്ട്രൈക്ക് റേറ്റിൽ 344 റൺസ്
ട്രാവിസ് ഹെഡ് – 159 സ്ട്രൈക്ക് റേറ്റിൽ 261 റൺസ്
ഹെൻറിച് ക്ലാസൻ – 157 സ്ട്രൈക്ക് റേറ്റിൽ 288 റൺസ്
കെ.എൽ. രാഹുൽ – 154 സ്ട്രൈക്ക് റേറ്റിൽ 323 റൺസ്
ശുഭ്മൻ ഗിൽ – 153 സ്ട്രൈക്ക് റേറ്റിൽ 305 റൺസ്
ഏപ്രിൽ 26ന് മഞ്ജരേക്കർ പങ്കുവച്ച ഈ കുറിപ്പിൽ വിരാട് കോലിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതുവരെ 10 മത്സരങ്ങൾ കളിച് വിരാട് കോലി 138.87 സ്ട്രൈക്ക് റേറ്റിൽ 443 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതു നിൽക്കെയായിരുന്നു മഞ്ജരേക്കറിന്റെ പോസ്റ്റ്. ഈ സാഹചര്യത്തിലാണ് കടുത്ത പരിഹാസവുമായി വികാസ് കോലിയുടെ രംഗപ്രവേശം.