അഭ്യൂഹങ്ങൾക്ക് വിരാമം; ഒടുവിൽ ശിഖർ ധവാനുമായുള്ള പ്രണയം പരസ്യമാക്കി ഐറിഷ് യുവതി സോഫി ഷൈൻ!

Mail This Article
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനുമായുള്ള പ്രണയം പരസ്യമാക്കി ഐറിഷ് യുവതി സോഫി ഷൈന്‍. ‘മൈ ലവ്’ എന്ന ക്യാപ്ഷനോടെ, ശിഖർ ധവാനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് സോഫി പ്രണയം പരസ്യമാക്കിയത്. ഇരുവരും പ്രണയത്തിലാണെന്നു മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അയർലൻഡുകാരിയായ സോഫിക്കൊപ്പം ഏതാനും മാസങ്ങളായി ശിഖർ ധവാൻ ക്രിക്കറ്റ് മത്സരങ്ങൾ കാണാനെത്താറുണ്ട്.
ഒരു ചർച്ചയ്‌ക്കിടെ, തന്റെ പ്രണയിനി ആ വേദിയിലെ ഏറ്റവും സുന്ദരിയാണെന്ന് ധവാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 11 വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ 2023ലാണ് ശിഖർ ധവാനും ആയേഷ മുഖർജിയും വിവാഹമോചിതരായത്. മകനായ സൊറാവർ ആയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്.
കോടതി നിർദേശമുണ്ടെങ്കിലും മുൻ ഭാര്യ മകനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ശിഖർ ധവാൻ പല തവണ വെളിപ്പെടുത്തിയിരുന്നു. 2021ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ധവാൻ ഇന്ത്യൻ ജഴ്സിയില്‍ ഒടുവിൽ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച താരം കഴിഞ്ഞ വർഷം നേപ്പാൾ പ്രീമിയർ ലീഗിൽ കർനാലി യാക്സിനു വേണ്ടി കളിക്കാനിറങ്ങിയിരുന്നു.