കരുൺ നായർ കേരളത്തിനു കളിക്കാത്തതിനും വെറുതേ കുറ്റപ്പെടുത്തുന്നു: ശ്രീശാന്തിന്റെ സസ്പെൻഷനു പിന്നാലെ പ്രതികരിച്ച് കെസിഎ

Mail This Article
കൊച്ചി∙ പാതി മലയാളിയായ കരുൺ നായർ കേരളത്തിനായി കളിക്കാത്തതിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് സെക്രട്ടറി വിനോദ് കുമാർ. കരുൺ നായർ ഒരുകാലത്തും കേരളത്തിനായി കളിച്ചിട്ടില്ലെന്ന് വിനോദ് കുമാർ ചൂണ്ടിക്കാട്ടി. ചെറുപ്പം മുതൽ കർണാടകയ്ക്കായാണ് കരുൺ കളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെസിഎയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച മുൻ താരം ശ്രീശാന്തിന് മൂന്നു വർഷം വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ‘ക്രിക്ബസി’നോടു പ്രതികരിക്കുമ്പോഴാണ്, കരുൺ നായരുമായി ബന്ധപ്പെട്ട വിവാദത്തിലും വിനോദ് കുമാറിന്റെ മറുപടി.
‘‘കരുൺ നായർ കേരളത്തിനു കളിക്കാത്തതിനും കുറേപ്പേർ കെസിഎയെ കുറ്റപ്പെടുത്തിയിരുന്നു. അതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എന്നതാണ് വാസ്തവം. കരുൺ നായർ ഒരുകാലത്തും കേരളത്തിനായി കളിച്ചിട്ടില്ല. വിവിധ പ്രായ വിഭാഗങ്ങളിലാണെങ്കിലും കരുൺ എക്കാലവും കർണാടകയ്ക്കായാണ് കളിച്ചിട്ടുള്ളത്’ – വിനോദ് കുമാറിനെ ഉദ്ധരിച്ച് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.
കേരളത്തിനായി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്കു മുൻപ് കരുൺ നായർ തന്നെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെസിഎയെ പ്രതിക്കൂട്ടിലാക്കി ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിനോദ് കുമാറിന്റെ പ്രതികരണം.
‘കേരളത്തിനു വേണ്ടി കളിക്കട്ടേയെന്നു ഞാൻ ചോദിച്ചിരുന്നു. പക്ഷേ, അതൊന്നുമായില്ല. ഇനി ഓഫർ വന്നാൽ അപ്പോൾ നോക്കാം..’– കേരള രഞ്ജി ടീമിൽ കളിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അന്ന് കരുൺ നായരുടെ മറുപടിയിങ്ങനെ. ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിനു പുറത്താണെങ്കിലും ചെങ്ങന്നൂരുമായും കേരളവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് കരുൺ നായർ.
കെസിഎ അയച്ച കാരണംകാണിക്കൽ നോട്ടിസിന് ശ്രീശാന്ത് നൽകിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും വിനോദ് കുമാർ വ്യക്തമാക്കി. ‘‘ശ്രീശാന്തിന്റെ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിനാണ് ശ്രീശാന്ത് ഞങ്ങളെ കുറ്റപ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ മറ്റു ചിലർക്കും കെസിഎ നോട്ടിസ് അയച്ചിരുന്നു.’ – വിനോദ് കുമാർ പറഞ്ഞു.
ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 42കാരനായ ശ്രീശാന്ത്. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും ജയിച്ച ഇന്ത്യൻ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു. സഞ്ജു സാംസണിന് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തതിനു കാരണം കെസിഎയുടെ പിടിപ്പുകേടാണെന്ന തരത്തിൽ ശ്രീശാന്ത് നടത്തിയ പ്രതികരണമാണ് ഇപ്പോൾ വിലക്കിനു കാരണമായത്.