രാജസ്ഥാൻ റോയൽസിന് അടുത്ത തിരിച്ചടി, കോടികളെറിഞ്ഞ് നിലനിർത്തിയ പേസർ പരുക്കേറ്റു പുറത്ത്

Mail This Article
ജയ്പൂർ∙ ഐപിഎൽ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച രാജസ്ഥാൻ റോയൽസിന് അടുത്ത തിരിച്ചടി. സീസണിലെ അവസാന മത്സരങ്ങളിൽ വിശ്വസ്തനായ പേസ് ബോളർ സന്ദീപ് ശർമ രാജസ്ഥാനു വേണ്ടി കളിക്കില്ല. വിരലിനു പരുക്കേറ്റ താരത്തിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായ ബോളറാണ് സന്ദീപ് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപിനു പരുക്കേറ്റത്.
പക്ഷേ നാലോവറും പൂർത്തിയാക്കിയ ശേഷമാണ് സന്ദീപ് ബോളിങ് അവസാനിപ്പിച്ചത്. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാനെ പ്രോത്സാഹിപ്പിക്കാൻ സന്ദീപ് ഗാലറിയിലുണ്ടായിരുന്നു. അതേ സമയം സന്ദീപ് ശർമയുടെ പകരക്കാരൻ ആരാണെന്ന് രാജസ്ഥാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സീസണിലെ അവസാന മത്സരങ്ങൾക്കു വേണ്ടി മറ്റൊരു ബോളറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ.
സീസണിൽ 10 മത്സരങ്ങൾ കളിച്ച സന്ദീപ് ശർമ ഒൻപതു വിക്കറ്റുകളാണു വീഴ്ത്തിയത്. ഐപിഎലിൽ 137 കളികളിൽ നിന്നായി 146 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് നാലു കോടി രൂപയ്ക്കാണ് സന്ദീപിനെ രാജസ്ഥാന്‍ നിലനിർത്തിയത്.