രോഹിത് ഡിആർഎസ് പോയത് അനുവദിച്ച സമയം കഴിഞ്ഞ്? രാജസ്ഥാൻ ക്യാപ്റ്റന്‍ പരാതിയില്ല, അംപയർക്കും– വിഡിയോ

Mail This Article
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ മുംബൈ ഓപ്പണർ രോഹിത് ശർമയുടെ ഡിആർഎസ് നീക്കത്തിൽ വിവാദം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രോഹിത് ശർമ ഡിആർഎസ് എടുത്തത് അനുവദിച്ച സമയം കഴിഞ്ഞ ശേഷമാണെന്നാണു വാദം. മത്സരത്തിന്റെ രണ്ടാം ഓവറിലാണു സംഭവം. അഫ്ഗാൻ പേസർ ഫസൽഹഖ് ഫറൂഖി എറിഞ്ഞ അഞ്ചാം പന്തിൽ രാജസ്ഥാൻ താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്തിരുന്നു. അംപയർ ഔട്ട് നൽകിയെങ്കിലും രോഹിത് ഡിആർഎസ് പോയി.
ഡിആർഎസ് വിളിക്കാൻ അനുവദിച്ച സമയവും കഴിഞ്ഞ ശേഷമാണ് മുംബൈ താരം നിർണായക നീക്കം നടത്തിയത് എന്നതാണു വിവാദത്തിനു വഴിയൊരുക്കിയത്. എന്നാൽ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗോ, അംപയർമാരോ രോഹിത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തില്ല എന്നതാണു ശ്രദ്ധേയമായ കാര്യം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലാണ്. മത്സരത്തിൽ അര്‍ധ സെഞ്ചറി നേടിയാണ് രോഹിത് ശർമ പുറത്തായത്. മത്സരത്തിൽ 36 പന്തുകളിൽ 53 റൺസ് നേടിയാണു രോഹിത് പുറത്താകുന്നത്. റിയാൻ പരാഗിന്റെ പന്തിൽ യശസ്വി ജയ്സ്വാൾ ക്യാച്ചെടുത്താണു താരത്തെ മടക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ് 16.1 ഓവറിൽ 117 റൺസടിച്ച് പുറത്തായി. 100 റൺസ് വിജയമാണ് മുംബൈ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. തോൽവിയോടെ രാജസ്ഥാൻ ഐപിഎലിൽനിന്നു പുറത്തായി. ഏഴാം വിജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.