ട്വന്റി20യിൽ അതിവേഗ സെഞ്ചറിയടിച്ച താരം, രഞ്ജിയിലെ കേരളത്തിന്റെ രക്ഷകൻ; യുവതാരങ്ങളെ റാഞ്ചാൻ ചെന്നൈ

Mail This Article
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രയൽസിൽ പങ്കെടുത്ത് മലയാളി ക്രിക്കറ്റ് താരം സൽമാൻ നിസാറും ഗുജറാത്തിന്റെ ഉർവിൽ പട്ടേലും. സീസണിൽ ഇതുവരെ കളിച്ച പത്തു മത്സരങ്ങളിൽ എട്ടും തോറ്റ ചെന്നൈ, പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ നഗരത്തിൽ വച്ചായിരുന്നു പുതിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള ട്രയൽസ് ടീം നടത്തിയത്. രഞ്ജി ട്രോഫിയിൽ കേരളം ഫൈനൽ കളിച്ചതോടെയാണ്, സൽമാന്‍ നിസാർ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്.
ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഉർവിൽ പട്ടേലിന്റെ പേരിലാണ്. ആദ്യ ഇന്നിങ്സിലെ 20 പന്തുകളിൽ ഉർവിൽ 41 റൺസും, രണ്ടാം ഇന്നിങ്സിലെ 20 പന്തുകളിൽ 50 റൺസും സ്വന്തമാക്കി. ആകെ അഞ്ചു സിക്സുകളാണ് ഗുജറാത്ത് ബാറ്റർ ബൗണ്ടറി കടത്തിയത്. രണ്ടാം തവണയാണ് ഉർവിൽ പട്ടേൽ, ചെന്നൈയുടെ ട്രയൽസിനെത്തുന്നത്. യുവതാരം ആയുഷ് മാത്രെയെ ട്രയൽസിലൂടെയാണ് ചെന്നൈ കണ്ടെത്തിയത്. ഈ ട്രയൽസിലും ഉർവിൽ പങ്കെടുത്തിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെയാണ് ഉർവിൽ ട്വന്റി20യിലെ അതിവേഗ സെഞ്ചറി നേടിയത്. 28 പന്തുകളിൽനിന്നായിരുന്നു താരത്തിന്റെ സെഞ്ചറി നേട്ടം. നേരത്തേ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി താരം കളിച്ചിട്ടുണ്ട്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ഓൾ റൗണ്ടർ അമൻ ഖാനെയും ചെന്നൈ സൂപ്പർ കിങ്സ് ട്രയൽസിൽ പങ്കെടുപ്പിച്ചിരുന്നു.