എനിക്ക് കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട, അക്കാര്യത്തിൽ പേടി വേണ്ട: സസ്പെൻഷനു പിന്നാലെ തുറന്നടിച്ച് ശ്രീശാന്ത്

Mail This Article
കൊച്ചി∙ സഞ്ജു സാംസണിന് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടംകിട്ടാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിനെ പിന്തുണച്ചുവെന്ന നല്ല കാര്യത്തിനാണ് കെസിഎ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ താൽപര്യമില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ശ്രീശാന്തിന്റെ പ്രതികരണം.
‘‘നമസ്കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ... കേരള ക്രിക്കറ്റ് അസോസിയേഷൻ എനിക്കെതിരെ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി എന്നൊക്കെയാണ് കേൾക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവർത്തനം മാത്രമേ ഞാൻ നടത്തിയിട്ടുള്ളൂ. ഞാൻ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്’ – ശ്രീശാന്ത് പറഞ്ഞു.
‘‘ടിനുച്ചേട്ടനേപ്പോലുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല.’ – ശ്രീശാന്ത് പരിഹസിച്ചു.
‘‘ഇതിനെല്ലാം പിന്നിൽ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങൾ നാട്ടുകാർ തീരുമാനിക്ക്. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കളിക്കുന്ന ഏതു ക്രിക്കറ്റ് താരത്തെയും ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്.’ – ശ്രീശാന്ത് പറഞ്ഞു.
വിഡിയോയ്ക്കു പുറമേ, കേരള ക്രിക്കറ്റ് അസോസിയേഷനെ ഉന്നമിട്ട് ചെറിയൊരു കുറിപ്പും ശ്രീശാന്ത് പങ്കുവച്ചു.
‘‘ചില ക്രിക്കറ്റ് അസോസിയേഷനുകളെ നാം എഴുന്നേറ്റു നിന്നു ബഹുമാനിക്കണം. അത് ക്രിക്കറ്റിന്റെ പേരിലല്ല. മറിച്ച് ഇത്രയും നല്ല രീതിയിൽ നാടകം കളിക്കുന്നതിനും മറ്റും. അപ്പോൾ പ്രതിഭകളെ വളർത്തിയെടുക്കുന്ന കാര്യമോ? അത് സൗകര്യമുണ്ടെങ്കിൽ മാത്രം. പക്ഷേ, അവർക്ക് ഇഷ്ടമില്ലാത്ത കാര്യം നമ്മൾ പറഞ്ഞാൽ തീർന്നു. സസ്പെൻഷൻ, മാനഹാനി, പിന്നെ അവർ സ്വന്തമാക്കിയ ട്രോഫികളുടെ പട്ടികയേക്കാൾ നീളം കൂടിയ പത്രക്കുറിപ്പുകളും! ഇങ്ങനെയാണെങ്കിൽ അവർ ഒരു അഭിനയക്കളരി തുടങ്ങുന്നതാകും കൂടുതൽ ഉചിതം’ – ശ്രീശാന്ത് കുറിച്ചു.
നേരത്തെ, കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുന്നുവെന്നാണ് കെസിഎ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കെസിഎയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. വിവാദ പരാമർശങ്ങളെ തുടന്ന് ശ്രീശാന്തിനു കെസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമുകൾക്കും നോട്ടിസ് നൽകിയിരുന്നു, എന്നാൽ ഇവരുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമായതിനാൽ നടപടിയെടുക്കില്ല. സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുമെന്നും കെസിഎ അറിയിച്ചിട്ടുണ്ട്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. എന്നാൽ വാതുവയ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ ഇതിനു മറുപടി നൽകിയത്. വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു കെസിഎ ഭാരവാഹികൾ അന്നു പ്രതികരിച്ചത്. കുറ്റം നിലനിൽക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ അവസരം നൽകിയെന്നു പറഞ്ഞ കെസിഎ, കേരള താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും തിരിച്ചടിച്ചിരുന്നു.