ഒരിക്കലും ഇതു വെറുതേ വിടില്ല, കെസിഎയ്ക്കെതിരെ നിയമ നടപടിക്കും മടിക്കില്ല: മുന്നറിയിപ്പുമായി ശ്രീശാന്ത്

Mail This Article
കൊച്ചി ∙ കെസിഎയ്ക്കെതിരെ നിയമ നടപടിക്കു മടിക്കില്ലെന്നു ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. തന്നെ സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കെസിഎയിൽ നടക്കുന്ന വിപരീതമായ കാര്യങ്ങളെല്ലാം തെളിവു സഹിതം പുറത്തു കൊണ്ടുവരാൻ മാധ്യമങ്ങൾ ശ്രമിക്കണം. ഒരിക്കലും ഇതു വെറുതേ വിടാൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
‘‘കെസിഎയിൽ നിന്ന് എനിക്ക് ഔദ്യോഗികമായി കത്തോ ഇമെയിലോ ഫോൺ വിളിയോ ലഭിച്ചിട്ടില്ല. കിട്ടിയാൽ മറുപടി നൽകും. കേരളത്തിൽ ക്രിക്കറ്റ് കളിക്കുന്ന എല്ലാ കുട്ടികളെയും പിന്തുണയ്ക്കും. അതു സഞ്ജുവല്ല, വനിതാ ക്രിക്കറ്റർമാരായാലും പിന്തുണയ്ക്കും. ഞാൻ കേരളത്തിന്റെയും മലയാളികളുടെയും കൂടെ എന്നുമുണ്ടാകും. അതിന്റെ പേരിൽ ഒരു അസോസിയേഷനും എന്നോട് ഒന്നും പറയേണ്ട കാര്യമില്ല’’– മനോരമയ്ക്കു നൽകിയ പ്രതികരണത്തിൽ ശ്രീശാന്ത് പറഞ്ഞു.
അതേസമയം, തനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ ആഗ്രഹമില്ലെന്നു സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
‘‘എന്താണു ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യ പ്രവൃത്തി മാത്രമേ ചെയ്തിട്ടുള്ളൂ. അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല.’’ – ശ്രീശാന്തിന്റെ വാക്കുകൾ.