ധരംശാലയിൽ പഞ്ചാബ് തന്നെ കിങ്സ്; ലക്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി രണ്ടാം സ്ഥാനത്തേക്ക്, പ്ലേഓഫ് സാധ്യത സജീവം- വിഡിയോ

Mail This Article
ധരംശാല∙ അനായാസം തോൽക്കുമെന്ന് കരുതിയ ലക്നൗ സൂപ്പർ ജയന്റ്സിനായി അപ്രതീക്ഷിത പോരാട്ടവീര്യം കാഴ്ചവച്ച അബ്ദുൽ സമദ് – ആയുഷ് ബദോനി കൂട്ടുകെട്ടിനു നന്ദി; തുടർച്ചയായ രണ്ടാം മുഖാമുഖത്തിലും പഞ്ചാബ് കിങ്സിനു മുന്നിൽ വീണുപോയെങ്കിലും, ഇത്തവണ വെറുതെയങ്ങ് കീഴടങ്ങാതെ ലക്നൗവിന്റെ കൈപിടിച്ചതിന്. തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് അവിശ്വസനീയ പോരാട്ടവീര്യവുമായി തിരിച്ചടിച്ച് ആവേശം അവസാന ഓവർ വരെ നിലനിർത്തിയ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഒടുവിൽ പഞ്ചാബ് കിങ്സിന് വിജയം. പഞ്ചാബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 37 റൺസിനാണ് അവർ ലക്നൗവിനെ വീഴ്ത്തിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 236 റൺസ്. മറുപടി ബാറ്റിങ്ങിൽ ബദോനി – സമദ് സഖ്യത്തിന്റെ കരുത്തിൽ തിരിച്ചടിച്ച ലക്നൗവിന്റെ പോരാട്ടം, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസിൽ അവസാനിച്ചു.
40 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 74 റൺസുമായി അവസാന ഓവറിൽ പുറത്തായ ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. അബ്ദുൽ സമദ് 24 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 45 റണ്‍സെടുത്ത് പുറത്തായി. ആറാം വിക്കറ്റിൽ ബദോനി – സമദ് സഖ്യം 41 പന്തിൽ കൂട്ടിച്ചേർത്ത 81 റൺസാണ് ലക്നൗവിന്റെ പോരാട്ടം അവസാന ഓവർ വരെ നീട്ടിയത്.
ഇവർക്കു പുറമേ ലക്നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ എയ്ഡൻ മാർക്രം (10 പന്തിൽ 13), ഡേവിഡ് മില്ലർ (എട്ടു പന്തിൽ 11), ക്യാപ്റ്റൻ ഋഷഭ് പന്ത് (17 പന്തിൽ 18), ആവേശ് ഖാൻ (10 പന്തിൽ പുറത്താകാതെ 19) എന്നിവർ മാത്രം. മിച്ചൽ മാർഷ് (0), നിക്കോളാസ് പുരാൻ (അഞ്ച് പന്തിൽ ആറ്) എന്നിവർക്ക് ഫോം കണ്ടെത്താനാകാതെ പോയത് ലക്നൗവിന് തിരിച്ചടിയായി. പ്രിൻസ് യാദവ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
പഞ്ചാബിനായി നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങിന്റെ പ്രകടനം ശ്രദ്ധേയമായി. അസ്മത്തുല്ല ഒമർസായ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മാർക്കോ യാൻസൻ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
∙ പ്രഭ്‌സിമ്രാന്റെ ‘ലക്നൗ പ്രഹരം’
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. സെഞ്ചറിയുടെ വക്കോളമെത്തിയെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ പോയ പ്രഭ്സിമ്രാൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ഓപ്പണറായി എത്തിയ പ്രഭ്സിമ്രാൻ സിങ് 91 റൺസെടുത്ത് പുറത്തായി. 48 പന്തിൽ ആറു ഫോറും ഏഴു സിക്സും ഉൾപ്പെടുന്നതാണ് പ്രഭ്സിമ്രാന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 25 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ പ്രഭ്‌സിമ്രാൻ സിങ് – ശ്രേയസ് അയ്യർ സഖ്യം 47 പന്തിൽ 78 റൺസ് കൂട്ടിച്ചേർത്താണ് പഞ്ചാബ് ഇന്നിങ്സിന് അടിത്തറയിട്ടത്.
ജോഷ് ഇംഗ്ലിസ് (14 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 30), നേഹൽ വധേര (ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. നാലു പന്തിൽ ഒറ്റ റണ്ണെടുത്ത് പുറത്തായ ഓപ്പണർ പ്രിയാൻഷ് ആര്യ നിരാശപ്പെടുത്തി. പിരിയാത്ത ആറാം വിക്കറ്റിൽ ഏഴു പന്തിൽ 20 റൺസ് കൂട്ടിച്ചേർത്ത ശശാങ്ക് സിങ് – മാർക്കസ് സ്റ്റോയ്നിസ് എന്നിവരാണ് പഞ്ചാബ് സ്കോർ 236ൽ എത്തിച്ചത്. ശശാങ്ക് സിങ് 15 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായും മാർക്കസ് സ്റ്റോയ്നിസ് അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 15 റൺസുമായും പുറത്താകാതെ നിന്നു.
ലക്നൗവിനായി ആകാശ് മഹാരാജ് സിറങ് നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ദിഗ്‌വേഷ് രതി നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രിൻസ് യാദവ് നാല് ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.