‘ഇയാളെ ബ്ലോക്ക് ചെയ്യട്ടെ എന്ന് ഇൻസ്റ്റഗ്രാം അൽഗരിതം ചോദിച്ചുകാണും’:നടിയുടെ ഗ്ലാമർ ചിത്രം ‘ലൈക്ക്’ ചെയ്ത കോലിയെ ‘ട്രോളി’ രാഹുൽ

Mail This Article
മുംബൈ∙ ബോളിവുഡ് നടി അവ്നീത് കൗറിന്റെ ഗ്ലാമർ ചിത്രത്തിന് ലൈക്ക് അടിച്ച് കുഴിയിൽച്ചാടിയ വിരാട് കോലിയെ പരിഹസിച്ച് ഗായകൻ രാഹുൽ വൈദ്യ. ആ ‘ലൈക്ക്’ മനഃപൂർവം സംഭവിച്ചതല്ലെന്നും ഇൻസ്റ്റഗ്രാമിന്റെ അൽഗരിതത്തിൽ വന്ന മാറ്റമാകാം കാരണമെന്നുമുള്ള കോലിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. മാസങ്ങൾക്കു മുൻപ് കോലിയുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് തന്നെ ബ്ലോക്ക് ചെയ്തതും അൽഗരിതം കാരണമാണോയെന്ന് രാഹുൽ വൈദ്യ പരിഹസിച്ചു. വിരാട് കോലിയുടെ ആരാധകർ വെറും കോമാളിക്കൂട്ടമാണെന്നും രാഹുൽ വിശേഷിപ്പിച്ചു.
‘‘സുഹൃത്തുക്കളേ, നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇൻസ്റ്റഗ്രാമിൽ വിരാട് കോലി എന്നെ ബ്ലോക്ക് ചെയ്തിരുന്നു. അതും ഇൻസ്റ്റഗ്രാമിന്റെ സാങ്കേതികപ്പിഴവാണെന്ന് തോന്നുന്നു. അല്ലാതെ എന്നെ ബ്ലോക്ക് ചെയ്തത് വിരാട് കോലിയല്ല. താങ്കൾക്കുവേണ്ടി രാഹുൽ വൈദ്യയെ ബ്ലോക്ക് ചെയ്യട്ടെ എന്ന് ഇൻസ്റ്റഗ്രാം അൽഗരിതം അങ്ങോട്ടു ചോദിക്കുകയായിരുന്നു’ – രാഹുൽ വൈദ്യ പരിഹസിച്ചു.
അതേസമയം, കോലിയെ പരിഹസിച്ച് വിഡിയോ പങ്കുവച്ചതിനു പിന്നാലെ രാഹുൽ വൈദ്യയെ രൂക്ഷമായി വിമർശിച്ച് താരത്തിന്റെ ആരാധകർ രംഗത്തെത്തി. ഇതോടെ കോലിയുടെ ആരാധകരെ പരിഹസിച്ച് രാഹുൽ വൈദ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പും പങ്കുവച്ചു.
‘‘വിരാട് കോലിയേക്കാൾ വലിയ കോമാളികളാണ് വിരാട് കോലിയുടെ ആരാധകർ’ – വൈദ്യ കുറിച്ചു. വിരാട് കോലിയെ വിമർശിച്ചതിന് തന്റെ ഭാര്യയെയും സഹോദരിയെയും പോലും താരത്തിന്റെ ആരാധകർ ലക്ഷ്യമിടുകയാണെന്ന് രാഹുൽ വൈദ്യ ആരോപിച്ചു.
‘‘നിങ്ങൾ എന്നെ ചീത്ത വിളിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, എന്തിനാണ് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഭാര്യയെയും സഹോദരിയെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? എന്തായാലും ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. വിരാട് കോലിയുടെ ആരാധകരെല്ലാം കോമാളികളാണ്’ – മറ്റൊരു സ്റ്റോറിയിൽ രാഹുൽ കുറിച്ചു.
അതേസമയം, എന്തുകൊണ്ടാണ് വിരാട് കോലി തന്നെ ബ്ലോക്ക് ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്ന് രാഹുൽ വൈദ്യ വ്യക്തമാക്കി. ‘‘അജ്ഞാതമായ കാരണത്താൽ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ എന്നെ ബ്ലോക് ചെയ്തിരിക്കുന്നു. കാരണം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഞാനും കോലിയുടെ ആരാധകനാണ്. ഇപ്പോഴും കോലിയെന്ന ക്രിക്കറ്റ് താരത്തെ ആരാധിക്കുന്നു. പക്ഷേ, അദ്ദേഹം ഒരുതരത്തിലും നല്ലൊരു മനുഷ്യനല്ല’ – രാഹുൽ പറഞ്ഞു.
‘‘വിമർശിച്ചതിന്റെ പേരിൽ കോലിയുടെ ആരാധകർ എന്നെ ഉന്നമിട്ട് സൈബർ ആക്രമണം തുടങ്ങി. ഇതോടെ അവരെ ചീത്ത വിളിക്കുന്നതിനു പകരം കോമാളികൾ എന്നു പറഞ്ഞ് ഞാൻ സ്റ്റോറി പോസ്റ്റ് ചെയ്തു. ഇപ്പോൾ ഞാൻ മാത്രമല്ല, എന്റെ ഭാര്യയും സഹോദരിയും പോലും ആക്രമണത്തിന് ഇരകളാവുകയാണ്. കോമാളികളിൽനിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ’ – രാഹുൽ വൈദ്യ ചോദിച്ചു.
നേരത്തെ, അവ്നീത് കൗറിന്റെ ഗ്ലാമർ ചിത്രം ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോലി നൽകിയ വിശദീകരണത്തിൽ അൽഗരിതത്തിൽ വന്ന മാറ്റം കൊണ്ടു സംഭവിച്ചതാകാമെന്ന് വിശദീകരിച്ചിരുന്നു. .‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.