ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള ക്രിക്കറ്റ് താരം ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയിൽ ഹാർദിക് പാണ്ഡ്യ – ക്രുനാൽ പാണ്ഡ്യ സഹോദരൻമാരുടെ സഹതാരമായ ശിവാലിക് ശർമയാണ് അറസ്റ്റിലായത്. രാജസ്ഥാൻ പൊലീസാണ് ഇരുപത്താറുകാരനായ ശിവാലിക് ശർമയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്. 

ശിവാലിക് ശർമയുമായി അടുപ്പത്തിലായിരുന്ന യുവതിയാണ്, താരത്തിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. ജോധ്പുരിലെ കുടി ഭഗത്സാനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ശിവാലിക് ശർമയ്‌ക്കെതിരെ യുവതിയുടെ പരാതി. രണ്ടു വർഷം മുൻപ് വഡോദരയിൽ വച്ചാണ് പരാതിക്കാരി ശിവാലിക് ശർമയെ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പറയുന്നു.

ബറോഡയിൽ നിന്നുള്ള ശിവാലിക് ശർമ ഇടംകൈ ബാറ്ററായ ഓൾറൗണ്ടറാണ്. 2018ൽ ബറോഡയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം, ഇതുവരെ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. 1087 റൺസാണ് സമ്പാദ്യം. ഇതിനു പുറമേ 13 ലിസ്റ്റ് എ മത്സരങ്ങളും 19 ട്വന്റി20 മത്സരങ്ങളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ 322 റൺസും ട്വന്റി20യിൽ 349 റൺസുമാണ് സമ്പാദ്യം. മൂന്നു വിക്കറ്റുകളും നേടിയിട്ടുണ്ട്.

2023ലെ ഐപിഎൽ താരലലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരത്തിന്, കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി താരത്തെ റിലീസ് ചെയ്തു.

English Summary:

Former Mumbai Indians cricketer, who also played for Baroda, arrested on rape charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com