പോയിന്റ് ടേബിളിൽ ലക്നൗ ഏഴാം സ്ഥാനത്ത്; പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമെന്ന് പഞ്ചാബിനെതിരായ തോൽവിക്കു പിന്നാലെ പന്ത്

Mail This Article
ധരംശാല ∙ ഐപിഎൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണെങ്കിലും ഇപ്പോഴും തങ്ങൾക്ക് പ്ലേഓഫ് പ്രതീക്ഷയുണ്ടെന്നും വരും മത്സരങ്ങളിൽ സ്ഥിതിഗതികൾ മാറിമറിയുമെന്നു വിശ്വസിക്കുന്നതായും ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ 37 റൺസ് തോൽവിക്കു പിന്നാലെയായിരുന്നു പന്തിന്റെ പ്രതികരണം.
‘പ്ലേഓഫ് സ്വപ്നം ഇപ്പോഴും സജീവമാണ്. അടുത്ത 3 മത്സരങ്ങളും നല്ല മാർജിനിൽ ജയിക്കാൻ സാധിച്ചാൽ കാര്യങ്ങൾ മാറിമറിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു വിജയലക്ഷ്യം. അതാണ് തിരിച്ചടിയായത്’– പന്ത് പറഞ്ഞു.
മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടാനേ സാധിച്ചുള്ളൂ. 48 പന്തിൽ 91 റൺസുമായി പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ച ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഋഷഭ് പന്ത് 17 പന്തിൽ 18 റൺസെടുത്ത് പുറത്തായി.