അവസാന പന്തിൽ പാണ്ഡ്യയുടെ ‘ത്രോ’ വിക്കറ്റിൽ കൊണ്ടില്ല, പന്ത് പിടിക്കാന്‍ ചാഹറും സൂര്യയുമില്ല; മുംബൈ തോറ്റത് വെറുതെയല്ല!

Mail This Article
മുംബൈ∙ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കു കാരണമായത് അവസാന പന്തിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും ദീപക് ചാഹറിനും സംഭവിച്ച പിഴവുകളാണ് മുംബൈ ഇന്ത്യൻസിനെ തോൽവിയിലേക്കു തള്ളിവിട്ടത്. മഴ കളിച്ച മത്സരത്തിൽ ദീപക് ചാഹറിന്റെ അവസാന പന്തിൽ ഗുജറാത്തിനു ജയിക്കാൻ ഒരു റൺസ് കൂടി മതിയായിരുന്നു.
സ്ട്രൈക്കിലുണ്ടായിരുന്ന ഗുജറാത്ത് ബാറ്റർ അർഷദ് ഖാൻ പന്ത് മിഡ് ഓഫിലേക്ക് അടിച്ച ശേഷം സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പന്തെടുത്ത് എറിഞ്ഞ ഹാർദിക് പാണ്ഡ്യയ്ക്ക് സ്റ്റംപില്‍ കൊള്ളിക്കാൻ സാധിച്ചില്ല. എന്നാൽ പന്ത് പിടിച്ചെടുക്കാൻ ദീപക് ചാഹര്‍ സ്റ്റംപിനു സമീപത്ത് ഉണ്ടായിരുന്നില്ല. സൂര്യകുമാർ യാദവ് വിക്കറ്റിനടുത്തേക്ക് ഓടിയെത്തിയെങ്കിലും പാണ്ഡ്യയുടെ വേഗത്തിലുള്ള ത്രോ പിടിച്ചെടുക്കാൻ സാധിച്ചില്ല. ഇതോടെ ഗുജറാത്ത് മൂന്ന് വിക്കറ്റ് വിജയവുമായി പ്ലേ ഓഫിലേക്ക് അടുത്തു.
156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടു തവണ മഴ കളി മുടക്കിയപ്പോൾ ഗുജറാത്തിന്റെ വിജയലക്ഷ്യം 19 ഓവറിൽ 147 റൺസാക്കി ചുരുക്കി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് വിജയത്തിലെത്തിയത്. 46 പന്തിൽ 43 റൺസെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം. ജയത്തോടെ 16 പോയിന്റുകളുമായി ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും 16 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഗുജറാത്താണു മുന്നിൽ.