പുറത്താക്കും മുന്പ് സ്വയം പുറത്തുപോയി, അപ്രതീക്ഷിത നീക്കം; പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ഗില്ലോ ഋഷഭ് പന്തോ?

Mail This Article
ന്യൂഡൽഹി ∙ ഇംഗ്ലണ്ടിൽ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഒരു പുതിയ ക്യാപ്റ്റൻ! 24 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയെ പുറത്താക്കാൻ സിലക്ടർമാർ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു ഹ്രസ്വമായ കുറിപ്പിൽ രോഹിത് ശർമ ആ വലിയ തീരുമാനം പ്രഖ്യാപിച്ചത്; ഇന്ത്യൻ ടീമിന്റെ വെള്ളക്കുപ്പായത്തിൽ ഇനി താനുണ്ടാവില്ല. തന്റെ ക്യാപ്റ്റൻസിക്കും ടീമിലെ സ്ഥാനത്തിനും ഇളക്കം സംഭവിച്ചെന്ന തിരിച്ചറിവ് രോഹിത്തിനെ 12 വർഷം നീണ്ട ടെസ്റ്റ് കരിയറിനു വിരാമമിടാമെന്ന കടുത്ത തീരുമാനത്തിലെത്തിച്ചു. കഴിഞ്ഞവർഷം ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ പരമ്പരയിലും ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും നിരാശപ്പെടുത്തിയ രോഹിത്തിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇടമുണ്ടാകില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനാലാകാം, ടീം പ്രഖ്യാപനം വരും മുൻപേ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചതെന്നു കരുതുന്നു.
കോലിയുടെ പിൻഗാമി
ഉജ്വല വിജയങ്ങളുടെ ആദ്യ പകുതിയും തിരിച്ചടികളുടെ രണ്ടാം പകുതിയും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ യാത്ര. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോൽവിക്കു പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായ രോഹിത്തിനു കീഴിൽ 2022 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ വിജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ബംഗ്ലദേശിനെയും വെസ്റ്റിൻഡീസിനെയും അവരുടെ നാട്ടിൽ കീഴടക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരെ പരമ്പരകളിൽ ഉജ്വല വിജയങ്ങൾ നേടി. 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത്തിനു കീഴിൽ കഴിഞ്ഞവർഷം നവംബർ വരെ ഒരു പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നുമില്ല.
തിരിച്ചടികളുടെ തുടക്കം
കഴിഞ്ഞ നവംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു (3–0) പിന്നാലെയാണ് രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. നാട്ടിൽ തുടർച്ചയായ 18 ടെസ്റ്റ് പരമ്പര വിജയങ്ങൾക്കുശേഷം നേരിട്ട അപ്രതീക്ഷിത തിരിച്ചടിയും 24 വർഷങ്ങൾക്കുശേഷം ടെസ്റ്റിൽ സ്വന്തം മണ്ണിലെ ഇന്ത്യയുടെ സമ്പൂർണ തോൽവിയും വ്യാപക വിമർശനത്തിനു കാരണമായി. തോൽവിയോടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മോഹത്തിനു മങ്ങലേറ്റു. പരമ്പരയിലെ ക്യാപ്റ്റൻ രോഹിത്തിന്റെ പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടു.
തൊട്ടുപിന്നാലെ ഓസ്ട്രേലിയയിൽ നടന്ന ബോർഡർ–ഗാവസ്കർ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്കു വിജയ വഴിയിലേക്ക് തിരിച്ചെത്താനായില്ല. രോഹിത് വിട്ടുനിന്ന ഒന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഉജ്വല വിജയം നേടി. എന്നാൽ തുടർന്നുള്ള 3 ടെസ്റ്റുകളിൽ രോഹിത് ഇന്ത്യയെ തോൽവിയിലേക്കു നയിച്ചു. ബാറ്റിങ്ങിൽ തീർത്തും നിരാശപ്പെടുത്തിയ താരം ആറാം സ്ഥാനത്തേക്കു വരെ ഇറങ്ങി കളിച്ചിട്ടും ഫലമുണ്ടായില്ല. മോശം ഫോമിനെത്തുടർന്ന് പരമ്പരയിലെ അഞ്ചാം മത്സരത്തിൽനിന്ന് സ്വയം പിൻമാറിയതിനു പിന്നാലെ രോഹിത്തിന്റെ ടെസ്റ്റ് വിരമിക്കൽ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിരമിക്കൽ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള പക്വത തനിക്കുണ്ടെന്നും അന്ന് പ്രതികരിച്ച ഹിറ്റ്മാന് ഇന്നലെ തിടുക്കത്തിൽ ആ തീരുമാനം കൈക്കൊള്ളേണ്ടിവന്നു.
പുതിയ ക്യാപ്റ്റൻ; ഗില്ലിനു സാധ്യത
ജൂൺ 20ന് ആരംഭിക്കുന്ന 5 ടെസ്റ്റുകളുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യയ്ക്കു പുതിയ ക്യാപ്റ്റൻ. ചാംപ്യൻസ് ട്രോഫി ടീമിലെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടെസ്റ്റ് ക്യാപ്റ്റനാകുമെന്നാണു സൂചന. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തില്‍ ജസ്പ്രീത് ബുമ്ര ക്യാപ്റ്റനായപ്പോൾ ഗിൽ ആയിരുന്നു വൈസ് ക്യാപ്റ്റൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ പതിവായിട്ടുള്ളതിനാൽ ബുമ്രയെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കില്ലെന്നാണു സൂചന. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ പേരുകളും സാധ്യതാ ലിസ്റ്റിലുണ്ട്.
പ്രധാന റെക്കോർഡുകൾ
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം – 2013ൽ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെ തിരെ 177 റൺസ് നേടി. ഗാംഗുലിയാണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. ശിഖർ ധവാനാണ് ഒന്നാമത്; 187 റൺസ്. സേവാഗിനു ശേഷം (91) ടെസ്റ്റ് കരിയറിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം: 88 സിക്സർ.
