ADVERTISEMENT

ന്യൂ‍ഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിൽ, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ടൂർണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചതായാണ് ബിസിസിഐയുടെ അറിയിപ്പ്. അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു എന്നായിരുന്നു ആദ്യ പ്രചാരണം. ഇതിനു പിന്നാലെയാണ്, ഒരാഴ്ചത്തേക്കാണ് നീട്ടിവച്ചതെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചത്.

ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നതു മുതൽ ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു. ഇതോടെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.

രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഐപിഎൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നത്.

‘ഐപിഎൽ മത്സരങ്ങൾ തൽക്കാലം നീട്ടിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാൽ ടൂർണമെന്റ് തൽക്കാലം നിർത്തുന്നു. ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാകുമോ എന്നും എന്നു നടത്താനാകുമെന്നും പിന്നീട് പരിശോധിക്കും. തൽക്കാലം രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ– പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. എന്നാൽ പഞ്ചാബ്, ഡൽഹി ടീമുകൾ നേരത്തേ ധരംശാലയിൽ എത്തിയതിനാലാണ് ഇന്നലത്തെ മത്സരം നടത്താൻ തീരുമാനിച്ചത്.

English Summary:

BCCI Suspends Tournament Indefinitely as military tensions escalate between India and Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com