ഇനിയെന്ന് തുടരും; ഒരു മത്സരത്തിന്റെ മൂല്യം 118 കോടി രൂപ, ഐപിഎൽ മറ്റൊരു രാജ്യത്തേക്കു മാറ്റുമോ?

Mail This Article
ന്യൂഡൽഹി ∙ ഒരാഴ്ചത്തെ നിർത്തിവയ്ക്കൽ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും ഐപിഎൽ ക്രിക്കറ്റ് സീസണിന്റെ തുടർച്ചയ്ക്കായി അനിശ്ചിതകാലം കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ ഭീഷണികൾ ഇല്ലാതായാൽ മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ കാണികളെ പ്രവേശിപ്പിച്ച് മത്സരം നടത്താനാകൂ. സംഘർഷാവസ്ഥയിൽ അയവുണ്ടായി വിമാനത്താവളങ്ങൾ തുറന്നാൽ മാത്രമേ മത്സരവേദികളിലേക്കുള്ള ടീമുകളുടെ യാത്ര സുഗമമാകൂ. നാട്ടിലേക്കു മടങ്ങുന്ന വിദേശ താരങ്ങളുടെ തിരിച്ചുവരവ്, നേരത്തേ നിശ്ചയിച്ച മറ്റു രാജ്യാന്തര മത്സരങ്ങൾ എന്നിവയെല്ലാം ഐപിഎൽ 18–ാം സീസൺ പുനരാരംഭിക്കുന്നതിന് വെല്ലുവിളിയായി മുന്നിലുണ്ട്.
വ്യാഴാഴ്ച ഉപേക്ഷിച്ച പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരമടക്കം 13 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഈ സീസണിൽ ബാക്കിയുണ്ട്. പ്ലേഓഫും ഫൈനലുമായി ആകെ 17. നിലവിലെ മത്സരക്രമം അനുസരിച്ച് പ്ലേഓഫ് മത്സരങ്ങൾ മേയ് ഇരുപതിന് ആരംഭിക്കാനും 25ന് ഫൈനൽ നടത്താനുമാണ് നിശ്ചയിച്ചിരുന്നത്. കോവിഡിനെത്തുടർന്ന് 2021ലാണ് ഇതിനു മുൻപ് ഐപിഎൽ സീസൺ പാതിവഴിയിൽ ഉപേക്ഷിച്ചത്. 2021 മേയിൽ നിർത്തിവച്ച ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ ആ വർഷം സെപ്റ്റംബറിൽ യുഎഇയിലാണ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 2009ലെ ടൂർണമെന്റ് ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഐപിഎൽ സംഘാടകർ 2020ലെ ടൂർണമെന്റ് പൂർണമായി യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇത്തവണയും മറ്റൊരു രാജ്യത്തേക്ക് ടൂർണമെന്റ് മാറ്റുകയെന്ന സാധ്യതയും ബിസിസിഐയ്ക്ക് മുന്നിലുണ്ട്.
ബാക്കി സെപ്റ്റംബറിൽ?
തുടരെ നടക്കാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളാണ് ഐപിഎലിന് പ്രധാന വെല്ലുവിളി. ജൂൺ ആദ്യവാരം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്ന ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തുന്നത് ഓഗസ്റ്റ് ആദ്യവാരമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ‘ഹണ്ട്രഡ്’ ടൂർണമെന്റ് നടക്കുന്ന ഓഗസ്റ്റിൽ, ഇന്ത്യയ്ക്ക് ബംഗ്ലദേശിൽ ഏകദിന, ട്വന്റി20 പരമ്പരകളുണ്ട്. സെപ്റ്റംബറിനുശേഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കും. ഒക്ടോബറിൽ ഓസ്ട്രേലിയൻ ടീം ഇന്ത്യൻ പര്യടനത്തിനെത്തും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പിനായി നീക്കിവച്ചിരിക്കുന്ന സെപ്റ്റംബർ മാസത്തിൽ ഐപിഎൽ നടത്താനാണ് കൂടുതൽ സാധ്യത. നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ തയ്യാറായേക്കില്ല. ഇരു രാജ്യങ്ങളുടെയും പിൻമാറ്റം ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ സാധ്യതകളും ഇല്ലാതാക്കും.
പഞ്ചാബ്– ഡൽഹി മത്സരം വീണ്ടും
വ്യാഴാഴ്ച ധരംശാലയിൽ പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തും. മഴമൂലം മുൻപ് ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങളിൽ ഇരു ടീമുകളും ഒരു പോയിന്റ് വീതം പങ്കുവച്ചിരുന്നു. എന്നാൽ ധരംശാല മത്സരത്തിൽ പഞ്ചാബ്, ഡൽഹി ടീമുകൾക്കു പോയിന്റ് ലഭിച്ചിട്ടില്ല. അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്കൊപ്പം ഈ മത്സരവും വീണ്ടും നടത്താനാണ് ബിസിസിഐ തീരുമാനം. മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ധരംശാലയിൽ കുടുങ്ങിയ ഡൽഹി, പഞ്ചാബ് ടീമംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും ജലന്തറിൽ നിന്ന് പ്രത്യേക ട്രെയിനിൽ ന്യൂഡൽഹിയിലെത്തിച്ചു.
ആരും സേഫ് ആയില്ല!
ഐപിഎൽ 18–ാം സീസണിൽ കളിച്ച 10 ടീമുകളിൽ ആരും പ്ലേഓഫ് ഉറപ്പിക്കുന്നതിനു മുൻപാണ് ടൂർണമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നത്. 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിലുള്ള ഗുജറാത്ത്, ബെംഗളൂരു ടീമുകൾ പ്ലേഓഫിന് തൊട്ടടുത്താണ്. ഹൈദരാബാദ്, രാജസ്ഥാൻ, ചെന്നൈ ടീമുകൾ പ്ലേഓഫ് കാണാതെ പുറത്തായി. വ്യാഴാഴ്ചത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ 17 പോയിന്റുമായി പഞ്ചാബ് കിങ്സിന് പ്ലേഓഫിൽ സ്ഥാനമുറപ്പിക്കാമായിരുന്നു.
ഒരു മത്സരത്തിന്റെ മൂല്യം 118 കോടി രൂപ!
ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാൽ സംഘാടകരായ ബിസിസിഐയുടെ പോക്കറ്റിൽനിന്നു ചോരുക കോടികളാണ്. ഏകദേശം 118 കോടി രൂപയാണ് ഒരു ഐപിഎൽ മത്സരത്തിന്റെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശ വിൽപനയിലൂടെ ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ 5 വർഷത്തെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം 2022ൽ റെക്കോർഡ് തുകയ്ക്ക് വിറ്റഴിച്ചതാണ് (48,390 കോടി) ഐപിഎലിന്റെ മൂല്യം കുത്തനെ ഉയരാൻ കാരണമായത്.