ലഗേജുകൾ പാക്കിസ്ഥാനിൽ ഉപേക്ഷിച്ചു, പിഎസ്എലിലെ വിദേശ താരങ്ങൾ ദുബായിലേക്കു ‘രക്ഷപെട്ടു’

Mail This Article
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവച്ചതിനു പിന്നാലെ രാജ്യം വിട്ട് ലീഗിലെ വിദേശതാരങ്ങൾ. പ്രത്യേകം ഒരുക്കിയ വിമാനങ്ങളിൽ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങളെല്ലാം ദുബായിലേക്കു പോയി. അവിടെ നിന്നും സ്വന്തം രാജ്യത്തേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണു താരങ്ങൾക്ക് ഒരുക്കിയത്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് അനിശ്ചിത കാലത്തേക്കു നിർത്തിവച്ചിരുന്നു.
ലീഗിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിലേക്കു മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്റെ ആവശ്യം തള്ളിയിരുന്നു. ഇതോടെ പിഎസ്എൽ സീസൺ പൂർത്തിയാക്കുന്നതു ചോദ്യചിഹ്നമായി മാറി. കഴിഞ്ഞ ദിവസം റാവല്‍പിണ്ടി സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതോടെയാണ് പാക്ക് ലീഗ് താത്കാലികമായി നിർത്തിവച്ചത്. മത്സരത്തിനു മണിക്കൂറുകൾ മുൻപായിരുന്നു സ്റ്റേഡിയത്തിൽ ഡ്രോൺ പതിച്ചത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ചെറിയ വ്യത്യാസത്തിലാണ് മിസൈൽ ആക്രമണത്തിൽനിന്നു രക്ഷപെട്ടതെന്ന് ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സീൻ ആബട്ട്, ബെൻ ഡ്വാർഷ്യൂസ്, ആഷ്ടൻ ടേണര്‍. മിച്ച് ഓവൻ എന്നീ താരങ്ങളാണ് പിഎസ്എൽ കളിക്കാൻ ഓസ്ട്രേലിയയിൽനിന്നു പോയത്.
പാക്കിസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽനിന്നാണ് വിദേശതാരങ്ങൾ ദുബായിലേക്കു പറന്നത്. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം ഇവിടെ മിസൈലുകൾ പതിച്ചതായാണു വിവരം. ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും നേരത്തേ പാക്കിസ്ഥാൻ വിട്ടിരുന്നു. ലഗേജുകളെല്ലാം പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ചാണ് ഓസ്ട്രേലിയൻ താരങ്ങൾ പാക്കിസ്ഥാനിൽനിന്നു രക്ഷപെട്ടത്.