യുദ്ധവും ക്രിക്കറ്റും, രാജ്യാന്തര സംഘർഷങ്ങളിൽ ക്രിക്കറ്റ് മുടങ്ങുന്നത് ഇതു മൂന്നാംതവണ

Mail This Article
148 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ യുദ്ധമോ സംഘർഷമോ കാരണം ക്രിക്കറ്റ് അനിശ്ചിതത്വത്തിലാകുന്നത് ഇത് മൂന്നാം തവണ മാത്രം. മുൻപ് 2 തവണയും ക്രിക്കറ്റിന് ‘വിലക്കേർപ്പെടുത്തിയത്’ 2 ലോക മഹായുദ്ധങ്ങളാണ്. 1914ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അലയൊലികൾ ഉയർന്നതോടെ ക്രിക്കറ്റ് മത്സരങ്ങൾ നിലച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന ഇരുനൂറിലേറെ ഇംഗ്ലിഷ് താരങ്ങൾ സൈനികരായി യുദ്ധഭൂമിയിലേക്ക് എത്തി. പിന്നീട് ടെസ്റ്റ് മത്സരങ്ങൾ പുനരാരംഭിച്ചത് 1920 ഡിസംബറിൽ. 1939ൽ രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് നടന്ന അവസാന ടെസ്റ്റ് പരമ്പര വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലായിരുന്നു. യുദ്ധത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പുനരാരംഭിക്കുന്നത് 1946 മാർച്ച് 29ന് ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലൂടെയാണ്. എന്നാൽ രാജ്യാന്തര ക്രിക്കറ്റിന് ഇടവേളകൾ ഉണ്ടായപ്പോഴും ഇന്ത്യയിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ തടസ്സമില്ലാതെ തുടർന്നു.
സൈന്യത്തിനു പിന്തുണയുമായി കായികലോകം
ന്യൂഡൽഹി ∙ അതിർത്തിയിൽ ഇന്ത്യ–പാക് സംഘർഷം മുറുകുന്നതിനിടെ ഇന്ത്യൻ സൈന്യത്തിനു ശക്തമായ പിന്തുണയറിയിച്ച് കായിക താരങ്ങൾ. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഒളിംപിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, പി.വി.സിന്ധു എന്നിവർ ഉൾപ്പെടെയുള്ളവരാണ് സൈന്യത്തിനു പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
ഇന്ത്യൻ സൈന്യം രാജ്യത്തിന്റെ അഭിമാനമാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും രോഹിത് ശർമ പറഞ്ഞു. സൈനികരും അവരുടെ കുടുംബങ്ങളും സഹിക്കുന്ന ത്യാഗത്തിനു രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നതായി കോലി സമൂഹ മാധ്യമത്തിൽ കുറിച്ചു.
രാജ്യത്തിനായി പോരാടുന്ന സൈന്യത്തെക്കുറിച്ച് അഭിമാനമാണെന്ന് നീരജ് ചോപ്രയും സൈന്യത്തിന്റെ ധൈര്യവും അച്ചടക്കവും ത്യാഗവുമാണ് രാജ്യത്തിന്റെ ഹൃദയമെന്ന് പി.വി.സിന്ധുവും പറഞ്ഞു.