ഐപിഎൽ മത്സരങ്ങൾ ഉടൻ പുനരാരംഭിക്കും; വിദേശ താരങ്ങളെ തിരിച്ചെത്തിക്കാൻ ശ്രമം, പഞ്ചാബ്– ഡൽഹി പോരാട്ടം വീണ്ടും നടത്തും

Mail This Article
മുംബൈ∙ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് വെടിനിർത്തലോടെ അയവു വന്നതിനാൽ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി ബിസിസിഐ. താരങ്ങളെല്ലാം ചൊവ്വാഴ്ചയ്ക്കകം ടീമിനൊപ്പം ചേരണമെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസികൾക്കു നൽകിയിരിക്കുന്ന നിർദേശം. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മേയ് 15, 16 തീയതികളിൽ ഐപിഎൽ മത്സരങ്ങൾ ആരംഭിച്ചേക്കും. പുതുക്കിയ മത്സര ക്രമങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കും.
പ്ലേ ഓഫുകളും ഫൈനലുമുൾപ്പടെ 17 മത്സരങ്ങളാണ് ഐപിഎലിൽ ഇനി നടത്താനുള്ളത്. പാതിവഴിക്ക് ഉപേക്ഷിച്ച പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തും. പഞ്ചാബിന്റെ മത്സരങ്ങൾ ധരംശാല ഗ്രൗണ്ടിൽനിന്നു മാറ്റി മറ്റേതെങ്കിലും വേദിയിൽ കളിക്കാനും ധാരണയായിട്ടുണ്ട്. മത്സരങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി എല്ലാ ദിവസവും രണ്ടു മത്സരങ്ങൾ വീതം നടത്തിയേക്കും.
ഐപിഎൽ പോരാട്ടങ്ങൾ വീണ്ടും ആരംഭിക്കുമ്പോള്‍, വിദേശ താരങ്ങളുടെ ലഭ്യത എത്രത്തോളമുണ്ടാകുമെന്നു വ്യക്തമല്ല. ഐപിഎലിന് ഒരാഴ്ച ഇടവേള വന്നതോടെ ഭൂരിഭാഗം വിദേശ താരങ്ങളും നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. ഇന്ത്യ– പാക്കിസ്ഥാന്‍ വെടിനിര്‍ത്തൽ നിലവിൽ വന്നെങ്കിലും വിദേശ താരങ്ങൾ ഇന്ത്യയിലേക്കു മടങ്ങിയെത്തുന്ന കാര്യത്തിൽ ഫ്രാഞ്ചൈസികൾക്ക് ആശങ്കയുണ്ട്. സുരക്ഷാ കാര്യത്തിൽ താരങ്ങൾക്ക് പ്രശ്നങ്ങളില്ലെന്നും വിമാനത്താവളങ്ങൾ അടയ്ക്കുമോ എന്നതാണു ആശങ്കയെന്നും ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.