ബാക്കിയുള്ളത് കുറച്ചു മത്സരങ്ങൾ മാത്രം, ഇന്ത്യ വിട്ട ഓസ്ട്രേലിയൻ താരങ്ങൾ തിരിച്ചുവരില്ല? ആശങ്കയിൽ ഐപിഎൽ ടീമുകൾ

Mail This Article
മുംബൈ∙ ഐപിഎലിന് ഒരാഴ്ച ഇടവേള വന്നതിനാൽ രാജ്യം വിട്ട ഓസ്ട്രേലിയൻ താരങ്ങൾ സീസണ്‍ പൂർത്തിയാക്കുന്നതിനായി തിരികെ വരുന്ന കാര്യത്തിൽ സംശയം. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വഷളായപ്പോഴാണ് ഐപിഎൽ താത്കാലികമായി നിർത്തിവച്ചത്. ശനിയാഴ്ചയോടെ ഐപിഎലിലെ വിദേശ താരങ്ങളെല്ലാം സ്വന്തം നാടുകളിലേക്കു മടങ്ങി. വെടിനിർത്തൽ നിലവിൽ വന്നതോടെ ഐപിഎൽ മത്സരങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങാനാണു നീക്കം നടക്കുന്നത്. ചൊവ്വാഴ്ചയോടെ ടീം ക്യാംപുകൾ തയാറാകണമെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചത്.
സുരക്ഷാ ഭീഷണിയുള്ളതിനാൽ ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യയിലേക്കു പോകില്ലെന്ന് ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചതിനാൽ ഈ ടീമുകളിലുള്ള വിദേശ താരങ്ങൾ ഇന്ത്യയിലേക്കു വരാൻ സാധ്യത കുറവാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക പോരാട്ടം ജൂൺ 11നാണ് തുടങ്ങുന്നത്. ഫൈനല്‍ പോരിന് തയാറെടുക്കേണ്ടതിനാൽ പാറ്റ് കമിൻസ് ഉള്‍പ്പടെയുള്ള താരങ്ങൾ ഇന്ത്യയിലേക്കു വീണ്ടും വരാനും സാധ്യതയില്ല.
താരങ്ങളുടെ സുരക്ഷയ്ക്കാണു പ്രാധാന്യമെന്നും ബിസിസിഐയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗ് പ്രതികരിച്ചു. കമിന്‍സിനു പുറമേ ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയ്നിസ്, ജോഫ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, നേഥൻ എലിസ്, ആരൺ ഹാർഡി, സേവ്യർ ബാർട്‍ലറ്റ് എന്നിവരാണ് ഐപിഎൽ കളിക്കുന്ന മറ്റ് ഓസീസ് താരങ്ങൾ. ഓസ്ട്രേലിയയുടെ മുൻ താരം റിക്കി പോണ്ടിങ്ങാണ് പഞ്ചാബ് കിങ്സിന്റെ പരിശീലകൻ.