ഇംഗ്ലണ്ടിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ആര്?; ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് ബുമ്ര, ‘മത്സരം’ ശുഭ്മൻ ഗില്ലും ഋഷഭ് പന്തും തമ്മിൽ!

Mail This Article
ന്യൂഡൽഹി∙ രോഹിത് ശർമ വിരമിച്ചതോടെ ഒഴിവുവന്ന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് പകരം ആരു വരും? ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, ആകാംക്ഷ മുഴുവൻ നായകനെക്കുറിച്ചാണ്. രോഹിത്തിനു കീഴിൽ ഓസ്ട്രേലിയയിൽ ഉപനായകനായിരുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്ര നായകസ്ഥാനത്തിൽ താൽപര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ജോലിഭാരം ക്രമീകരിക്കേണ്ട സാഹചര്യം വന്നാൽ പരമ്പരയിലെ 5 ടെസ്റ്റുകളിലും കളിക്കാനാകുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ് ബുമ്രയുടെ പിൻമാറ്റമെന്നാണ് റിപ്പോർട്ട്. സ്ഥിരമായി പരുക്കിന്റെ പിടിയിലാകുന്നതും ബുമ്രയെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചു.
രോഹിത്തിന്റെ അഭാവത്തിൽ വിരാട് കോലി ഒരിക്കൽക്കൂടി ഇന്ത്യൻ നായകനായകുമോ എന്ന ചോദ്യം അന്തരീക്ഷത്തിൽ നിൽക്കെയാണ്, സൂപ്പർതാരം ടെസ്റ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആ സാധ്യതയും അടഞ്ഞതോടെ ഇനി ആരു നായകനായകനാകുമെന്ന ചോദ്യം കൂടുതൽ ശക്തമാകുന്നു. ടീമിൽ സ്ഥിരാംഗമായിട്ടുള്ള ആളെ നായകനാക്കാനാണ് ടീം മാനേജ്മെന്റിനു താൽപര്യം. രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായിരുന്ന ശുഭ്മൻ ഗില്ലാണ് നായകസ്ഥാനത്തേക്ക് പരിഗണനയിലുള്ള പ്രധാന താരം. സ്ഥിരതയോടെ കളിക്കുന്ന ഗിൽ ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാണ്. ഗില്ലിനു കീഴിൽ ഈ സീസണിൽ പ്ലേഓഫിനു തൊട്ടരികെയാണ് ഗുജറാത്ത്.
ഐപിഎലിൽ ദുരന്തമായെങ്കിലും, വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് നായകസ്ഥാനത്തേക്ക് ഗില്ലുമായി മത്സരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നാകനാണ് പന്ത്. ടെസ്റ്റ് ടീമിനെ നയിക്കാൻ ഗില്ലിനാണ് സാധ്യത കൂടുതലെങ്കിലും, പന്ത് നായകനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇവരിൽ ആരു നായകനായാലും രണ്ടാമൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്നതും തീർച്ച.