ADVERTISEMENT

ന്യൂഡൽഹി∙ വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള ഇന്ത്യൻ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിലും ‘ഇടംപിടിച്ച്’ വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനവും ആഷസ് പരമ്പരയും. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ് ആണ്, വിരാട് കോലിയുടെ വിരമിക്കൽ വാർത്തയെക്കുറിച്ച് സൂചിപ്പിച്ചത്.

ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, ആഷസ് പരമ്പരയിലെ ഇതിഹാസ ബോളിങ് കൂട്ടുകെട്ടായ ഓസ്ട്രേലിയയുടെ ജെഫ് തോംസൺ – ഡെന്നിസ് ലിലി പേസ് ദ്വയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചത്.

‘‘വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്ന വാർത്ത ഞാനും ശ്രദ്ധിക്കുകയായിരുന്നു. മിക്ക ഇന്ത്യക്കാരെയും പോലെ എന്റെയും ഇഷ്ട താരം കോലിയാണ്. 1970കളിലെ ഒരു ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയുടെ ഇതിഹാസ പേസ് ബോളർമാരായ ജെഫ് തോംസണും ഡെന്നിസ് ലിലിയും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചിരുന്നു. ഇംഗ്ലിഷ് ബാറ്റിങ് നിരയ്‌ക്കെതിരെ ഇരുവരും പുലർത്തിയ ആധിപത്യം കണ്ട് ഓസ്ട്രേലിയക്കാർ ഒരു ശൈലി പോലും രൂപപ്പെടുത്തി.

‘‘ഫ്രം ആഷസ് ടു ആഷസ് ആൻഡ് ഡസ്റ്റ് ടു ഡസ്റ്റ്. ഈഫ് തോമോ ഡോണ്ട് ഗെറ്റ് യു, ദെൻ ലിലി ഷുവർലി മസ്റ്റ്’ (ചാരത്തിൽനിന്ന് ചാരത്തിലേക്ക്, പൊടിയിൽനിന്ന് പൊടിയിലേക്ക്. തോംസണിൽനിന്ന് രക്ഷപ്പെട്ടാലും നിങ്ങൾ തീർച്ചയായും ലിലിക്ക് പിടികൊടുക്കേണ്ടി വരും എന്ന് ഏകദേശ വിവർത്തനം). ഈ വാചകങ്ങളിലൂടെ സൂക്ഷ്മമായി കണ്ണോടിച്ചാൽ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകും. എങ്ങനെയൊക്കെ കണ്ണുവെട്ടിച്ച് ‌രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതിയാലും, പല തലങ്ങളുള്ള ഈ സംവിധാനത്തിന്റെ ഏതെങ്കിലും ഒരു തലത്തിൽവച്ച് നിങ്ങൾ പിടിക്കപ്പെട്ടും’  – രാജീവ് ഖായിയുടെ വാക്കുകൾ.

ലഫ്.ജന.രാജീവ് ഖായിക്കു പുറമേ എയർ മാർഷൽ എ.കെ.ഭാരതി, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ –എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Operation Sindhur Briefing Has An Unexpected Connection With Kohli Retirement News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com